ദില്ലി: റഫാൽ ഇടപാടിലെ പുനപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജികൾ തുറന്ന കോടതിയിൽ കേൾക്കും. കോടതിയെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധന ഹർജികൾ സമര്‍പ്പിച്ചത്.  റഫാൽ യുദ്ധവിമാന ഇടപാടിൽ എസ്ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. 

യുദ്ധവിമാന ഇടപാടിൽ ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. എന്നാൽ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍ററി സമിതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇതുസംബന്ധിച്ച കോടതിയുടെ നിരീക്ഷണത്തിൽ ഗുരുതരമായ പിഴവ് പറ്റിയെന്നുമായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്. സന്നദ്ധ സംഘടനയായ കോമണ്‍കോസ്, മുൻ കേന്ദ്ര മന്ത്രിമാരായ യശ് വന്ദ് സിൻഹ, അരുണ്‍ ഷൂരി എന്നിവരാണ് പുനപരിശോധന ഹര്‍ജികൾ നൽകിയത്.