ബൈബിള്‍ സ്കൂളില്‍ കൊണ്ടുവരുന്നതിനും വായിക്കുന്നതിനും വിരോധമില്ലെന്ന സത്യവാങ്മൂലം രക്ഷിതാക്കളില്‍ നിന്ന് സ്കൂള്‍ മാനേജ്മെന്‍റ് ഒപ്പിട്ട് വാങ്ങിയതായി ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു.

ബംഗളൂരു: വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ബൈബിള്‍ പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ബംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്ക്കൂളിനോട് ദേശീയ ബാലാവകാശ കമ്മീഷന്‍ വിശദീകരണം തേടി. ക്ലാരന്‍സ് സ്കൂളില്‍ അന്യമതസ്ഥരായ വിദ്യാര്‍ത്ഥികളെയും നിര്‍ബന്ധിച്ച് ബൈബിള്‍ പഠിപ്പിക്കുന്നുവെന്ന് ചൂണ്ടികാട്ടി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. ബൈബിള്‍ സ്കൂളില്‍ കൊണ്ടുവരുന്നതിനും വായിക്കുന്നതിനും വിരോധമില്ലെന്ന സത്യവാങ്മൂലം രക്ഷിതാക്കളില്‍ നിന്ന് സ്കൂള്‍ മാനേജ്മെന്‍റ് ഒപ്പിട്ട് വാങ്ങിയതായി ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു.

സ്കൂള്‍ പാഠ്യപദ്ധതിയില്‍ ബൈബിള്‍ പഠനം നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥില്ലെന്നും നടപടിയുണ്ടാകുമെന്നും കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ നൂറ് വര്‍ഷത്തിലധികം പാരമ്പര്യമുള്ള സ്കൂളില്‍ ബൈബിള്‍ പഠനം കാലങ്ങളായി നടക്കുന്നുതാണെന്നാണ് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ വിശദീകരണം. സംഭവത്തില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹിജാബ് വിവാദത്തിന് ശേഷം ഇപ്പോള്‍ ബൈബിൾ വിവാദം കത്തിക്കുകയാണ് ഹിന്ദു സംഘടനകള്‍. 

ഹിന്ദു ജനജാഗ്രൻ സമിതി വക്താവ് മോഹൻ ഗൗഡയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ട് എതിർപ്പ് ഉന്നയിച്ചത്. സ്‌കൂളിന്റെ ഈ നടപടി ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ ലംഘനമാണെന്നും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും മോഹൻ ഗൗഡ പറഞ്ഞു. ഇത് ക്രിസ്ത്യാനികളല്ലാത്ത കുട്ടികളുടെ അവകാശങ്ങളെയും ലംഘിക്കുന്നു. വിഷയത്തിൽ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകണമെന്നും കർണാടക വിദ്യാഭ്യാസ മന്ത്രിയോട് സമിതി ആവശ്യപ്പെട്ടിരുന്നു.

1914 ൽ ബ്രിട്ടീഷ് കാലഘട്ടത്തിലാണ് ക്ലാരൻസ് സ്കൂൾ നിർമ്മിച്ചത്. നേരത്തെ ഹിജാബ് സംബന്ധിച്ച് സംസ്ഥാനത്ത് ഏറെ നാളത്തെ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസവും ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ രണ്ട് പെൺകുട്ടികൾക്ക് കേന്ദ്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു.

ഇതിൽ രോഷാകുലരായ രണ്ട് വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുക്കാതെ പരീക്ഷാകേന്ദ്രം വിട്ടു. ഹിജാബ് ധരിച്ച് പ്രവേശനം നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കോളജ് രംഗത്തെത്തിയത്. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സംസ്ഥാനത്ത് രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷകൾ നടത്തിയത്.