സ്വാതന്ത്ര ദിവസത്തില്‍ ഗ്രാമത്തിന് തന്‍റെ ഹെലികോപ്റ്റര്‍ കാണിച്ചകൊടുക്കാനായായാണ് പരീക്ഷണ പറക്കല്‍ പദ്ധതിയിട്ടത്. സിംഗിള്‍ സീറ്റര്‍ ഹെലികോപ്റ്ററില്‍ ഉപയോഗിച്ചത് മാരുതി 800ന്‍റെ എന്‍ജിനായിരുന്നു. രണ്ട് വര്‍ഷത്തെ ശ്രമഫലമായാണ് പ്രോട്ടോടൈപ്പ് നിര്‍മ്മിച്ചത്.

ജീവിതം മുഴുവന്‍ ഏറെക്കാലമായി മനസില്‍ സൂക്ഷിച്ച സ്വപ്നത്തിന് വേണ്ടി ചെലവിട്ട് അത് നേടിയെടുക്കുന്ന ആളുകളേക്കുറിച്ചുള്ള വാര്‍ത്തകള്‍ സാധാരണമാണ്. എന്നാല്‍ പൂര്‍ത്തീകരിച്ച സ്വപ്നം ഒരാളുടെ ജീവനെടുത്തതിനാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി ഗ്രാമം സാക്ഷിയായത്. പലവിധ സാഹചര്യങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു 24കാരനായ ഷേഖ് ഇസ്മായില്‍ ഷേഖ് ഇബ്രാഹിമിന്. എന്നാല്‍ സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ നിര്‍മ്മിച്ച് അത് പറത്തണമെന്നത് ഈ ഇരുപത്തിനാലുകാരന്‍ മനസില്‍ ഏറെക്കാലമായ കൊണ്ടുനടന്ന സ്വപ്നമായിരുന്നു.

ഇങ്ങനെ നിര്‍മ്മിച്ച ഹെലികോപ്റ്ററിന്‍റെ പ്രോട്ടോടൈപ്പ് നിര്‍മ്മിച്ച് അത് പറത്താനുള്ള ശ്രമമാണ് യുവാവിന്‍റെ ജീവനെടുത്തത്. ഹെലികോപ്റ്റര്‍ ബ്ലേഡ് തര്‍ന്ന് അത് യുവാവിന്‍റെ കഴുത്ത് മുറിച്ച് നിലത്തു വീഴുകയായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ പറത്തിക്കാണിക്കാനാഗ്രഹിച്ച സിംഗിള്‍ സീറ്റര്‍ ഹെലികോപ്റ്ററിന്‍റെ പരീക്ഷണ പറക്കലാണ് ദുരന്തത്തില്‍ കലാശിച്ചത്. സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ വച്ച് അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ യുവാവ് കൊല്ലപ്പെടുകയായിരുന്നു. മഹാരാഷ്ട്രയിലെ മഹാഗാവ് ജില്ലയില്‍ ഓഗസ്റ്റ് 10 ന് രാത്രിയാണ് അപകടമുണ്ടായത്. വെല്‍ഡിംഗ് തൊഴിലാളിയായിരുന്ന യുവാവ് വെല്‍ഡിംഗ് പൈപ്പുകള്‍ വച്ചാണ് ഹെലികോപ്റ്ററിന്‍റെ പ്രോട്ടോടൈപ്പ് നിര്‍മ്മിച്ചത്.

മുന്നാ ഹെലികോപ്റ്റര്‍ എന്ന തന്‍റെ ഇരട്ടപ്പേരായിരുന്നു ഈ സിംഗിള്‍ സീറ്റര്‍ ഹെലികോപ്റ്ററിനും യുവാവ് നല്‍കിയ പേര്. ഗ്രാമത്തിന് അഭിമാനം ആകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു ഇതിന് പിന്നില്‍. 3 ഇഡിയറ്റ്സ് എന്ന ബോളിവുഡ് സിനിമയിലെ റാന്‍ചോയായിരുന്നു യുവാവിന്‍റെ പ്രചോദനമെന്നും സുഹൃത്തുക്കള്‍ ദേശീയ മാധ്യമങ്ങളോട് പറയുന്നത്. യുട്യൂബ് വിഡിയോകളില്‍ നിന്നാണ് ഹെലികോപ്റ്ററിന്‍റെ ഡിസൈനും മറ്റു വിവരങ്ങളും യുവാവ് ശേഖരിച്ചത്. ആവശ്യമായ എല്ലാ പാര്‍ട്സുകളും ശേഖരിക്കാന്‍ രണ്ടുവര്‍ഷമെടുത്തുവെന്നാണ് സുഹൃത്തുക്കള്‍ ഇന്ത്യാ ടൈംസിനോട് വിശദമാക്കുന്നത്. മാരുതി 800ന്‍റെ എന്‍ജിനായിരുന്നു ഹെലികോപ്റ്ററിന് ഈര്‍ജ്ജമേകിയത്.

സ്വാതന്ത്ര ദിവസത്തില്‍ ഗ്രാമത്തിന് തന്‍റെ ഹെലികോപ്റ്റര്‍ കാണിച്ചകൊടുക്കാനായായാണ് പരീക്ഷണ പറക്കല്‍ പദ്ധതിയിട്ടത്. വര്‍ക്ക് ഷോപ്പിന് സമീപത്തുള്ള വയലില്‍ വച്ചായിരുന്നു പരീക്ഷണ പറക്കല്‍. സുഹൃത്തുക്കള്‍ പരീക്ഷണ പറക്കലിന്‍റെ വീഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇസ്മായില്‍ ഹെലികോപ്റ്ററില്‍ കയറി എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു. ഹെലികോപ്റ്റിന്‍റെ ബ്ലേഡുകള്‍ കറങ്ങാന്‍ തുടങ്ങി. വിമാനത്തിന്‍റെ പിന്‍ഭാഗത്തുള്ള റോട്ടര്‍ ബ്ലേഡ് തകരുകയും ഇത് പ്രധാന ബ്ലേഡുകളില്‍ ചെന്നുതട്ടുകയും ചെയ്തതാണ് അപകടകാരണമായത്.

Scroll to load tweet…

പ്രധാന ബ്ലേഡുകള്‍ തകര്‍ന്ന് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഇസ്മായിലിന്‍റെ കഴുത്ത് മുറിച്ച് നിലത്തുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ സാധിക്കുന്ന വേഗത്തില്‍ ഇസ്മയിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് കൊല്ലുപ്പെടുകയായിരുന്നു. അഞ്ച് അടി വരെ ഉയരത്തില്‍ ഈ ഹെലികോപ്റ്റര്‍ ഇസ്മയില്‍ പറത്തിയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona