ദില്ലി: അയോധ്യ വിധിയിൽ മുസ്ലീങ്ങൾക്കായി നൽകിയ അഞ്ചേക്കർ ഭൂമിയിൽ, നിർമ്മിക്കേണ്ടത് പള്ളിയല്ലെന്നും സ്കൂളാണെന്നും 
ബോളിവുഡ് തിരക്കഥാകൃത്തും നിർമ്മാതാവുമായ സലിം ഖാൻ. ഇന്ത്യയിലെ മുസ്ലീം വിഭാ​ഗത്തിന് ആവശ്യം പള്ളിയല്ല, വിദ്യാഭ്യാസമാണെന്നും അയോധ്യ വിധിയെക്കുറിച്ച് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. ‌ക്ഷമാശീലത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമാണ് പ്രവാചകൻ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''അയോധ്യ വിധി വന്നതിന് ശേഷം പ്രവാചകൻ പറഞ്ഞ ഈ രണ്ട് ​ഗുണങ്ങളിൽനിന്ന് വ്യതിചലിക്കാതെയാകണം ഓരോ മുസ്ലീമും മുന്നോട്ട് സഞ്ചരിക്കേണ്ടത്. സ്നേഹവും കരുണയും പ്രകടിപ്പിക്കുക. കഴിഞ്ഞ കാലത്തെ പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കാതെ, മുന്നോട്ട് പോകുക.'' സലിം ഖാൻ പറഞ്ഞു.

''ഇത്തരം സെൻസിറ്റീവായ വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കപ്പെടുമ്പോൾ  ഐക്യവും സമാധാനവുമാണ് പുലരേണ്ടത്. അതിനെ സമാധാനപരമായി സ്വീകരിക്കേണ്ടതാവശ്യമാണ്. വളരെ വിവാദമുയർത്തിയ ഒരു വിഷയത്തിൽ തീർപ്പ് കൽപിക്കപ്പെട്ടു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ പറയുന്നു, ഈ വിധിയെ ഞാൻ സ്വാ​ഗതം ചെയ്യുന്നു.'' സലിം ഖാൻ അഭിപ്രായപ്പെട്ടു. 

''അയോധ്യ വിധിയെക്കുറിച്ച് മുസ്ലിങ്ങൾ ചർച്ച ചെയ്യേണ്ടതില്ല.  അവർ ആശങ്കപ്പെടേണ്ടത് അവരുടെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ചുമായിരിക്കണം. സ്കൂളുകളും ആശുപത്രികളുമാണ് നമുക്ക് വേണ്ടത്. പളളി പണിയാൻ നൽകിയ അഞ്ചേക്കർ സ്ഥലത്ത് ഒരു കോളേജ് നിർമ്മിക്കുന്നതാണ് നല്ലത്. കാരണം നമുക്ക് എവിടെ വേണമെങ്കിലും നിസ്കരിക്കാൻ സാധിക്കും. ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്യുന്ന സമയത്തുമൊക്കെ നിസ്കരിക്കാം. നമുക്ക് വേണ്ടത് വിദ്യാലയങ്ങളാണ്. 22 കോടി മുസ്ലീങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുകയാണെങ്കിൽ ഈ രാജ്യത്ത് പല മാറ്റങ്ങളും സംഭവിക്കാൻ കാരണമാകും. നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും.'' സലിം ഖാൻ അഭിപ്രായപ്പെടുന്നു.

പ്രധാനമന്ത്രി മോദിയെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതുപോലെ നമുക്കാവശ്യം സമാധാനമാണെന്നും ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, സൊഹാലി ഖാൻ, അർബാസ് ഖാൻ എന്നിവരുടെ പിതാവാണ് സലിം ഖാൻ. ഷോലെ, മിസ്റ്റർ ഇന്ത്യ, ഡോൺ തുടങ്ങി ഹിന്ദിയിലെ എക്കാലത്തെയും ഹിറ്റുകളായ ചിത്രങ്ങളുടെ തിരക്കഥ സലിം ഖാന്റേതായിരുന്നു. കൂടാതെ ജാവേദ് അക്തറിനൊപ്പം അദ്ദേഹം നിരവധി സിനിമകൾക്ക് തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.