മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാർത്ഥയ്ക്കായുള്ള തിരച്ചിലിന് കേന്ദ്രസഹായം തേടി കര്‍ണാടക ബിജെപി നേതൃത്വം. സിദ്ധാർത്ഥയ്ക്കായി ഇന്നലെ രാത്രി തുടങ്ങിയ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മഞ്ചേശ്വരം കോസ്റ്റൽ പൊലീസാണ് തിരച്ചിൽ നടത്തുന്നത്. കേരള കോസ്റ്റൽ പൊലീസും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. 

ഇന്നലെ രാത്രിയാണ് സിദ്ധാർത്ഥിനെ നേത്രാവതി പുഴയിൽ കാണാതായത്. ആത്മഹത്യയാണെന്നാണ് സംശയം. സിദ്ധാർത്ഥിന് 7000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനിടെ, രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ ജീവനക്കാർക്ക് സിദ്ധാർത്ഥ അയച്ച കത്ത് പുറത്തുവന്നു. സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നാണ് സിദ്ധാർത്ഥയുടെ കത്തിൽ പറയുന്നത്. ആദായ നികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും കത്തിൽ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാർത്ഥയുടെ കത്തില്‍ പറയുന്നു. 

ഇന്നലെ ബംഗളൂരുവിൽ നിന്നും കാറിൽ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് പോവുകയും ആയിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാൽ പുഴയിൽ നല്ല അടിയൊഴുക്കുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. 

കഫേ കോഫി ഡേ ഇടപാടുകളിൽ അഴിമതി നടന്നെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ വർഷം സിദ്ധാർത്ഥയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.