ദില്ലി: പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ ചെങ്കോട്ടയിലേക്ക് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്താനിരിക്കുന്ന മാർച്ചുകൾ എന്ത് വില കൊടുത്തും തടയാൻ ദില്ലി പൊലീസ്. ഇവിടേക്ക് എത്തിയ വിദ്യാർത്ഥികളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്. ഈ പരിസരത്തുള്ള റോഡ് ഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കുകയാണ് പൊലീസ്. 

തത്സമയസംപ്രേഷണം:

സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്രയാദവ് അടക്കമുള്ള നിരവധി നേതാക്കൾ ഇവിടേക്ക് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഇവരെ അടക്കം കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം. 

ജാമിയ മിലിയക്ക് തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനുകളും ചെങ്കോട്ടയ്ക്ക് അടുത്തുള്ളതുമായ 14 മെട്രോ സ്റ്റേഷനുകൾ ദില്ലി പൊലീസ് അടപ്പിച്ചു. ഈ പരിസരത്തേക്ക് വൻതോതിൽ വിദ്യാർത്ഥികൾ ഒഴുകിയെത്തുന്നത് തടയാനാണ് പൊലീസിന്‍റെ നീക്കം. ചെങ്കോട്ട പൊലീസ് വളഞ്ഞിരിക്കുകയാണ്. 

പ്രതിഷേധങ്ങളുണ്ടായതിന് ശേഷം അത് തടയുന്നതിന് പകരം പ്രതിഷേധസ്ഥലത്തേക്ക് എത്താൻ കഴിയാതെ വിദ്യാർത്ഥികളെ തടയുക എന്ന തന്ത്രമാണ് ദില്ലി പൊലീസ് സ്വീകരിക്കുന്നത്. ചെങ്കോട്ടയുടെ പരിസരത്ത് കൂട്ടം കൂടുന്നതോ യോഗങ്ങൾ നടത്തുന്നതോ മുദ്രാവാക്യങ്ങൾ വിളിക്കുന്നതോ നിരോധിച്ചു. സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ജാമിയ മിലിയയിൽ നിന്ന് ചെങ്കോട്ടയിലേക്ക് നടത്താനിരുന്ന റാലിക്ക് പൊലീസ് അനുമതി നൽകിയിട്ടില്ല. 

എന്നാൽ ഇവിടേക്ക് മെട്രോ വഴിയല്ലാതെയും എത്താനാണ് വിദ്യാർത്ഥികൾ തീരുമാനിച്ചിരിക്കുന്നത്. കിട്ടിയ എല്ലാ വാഹനങ്ങളിലും ചെങ്കോട്ടയിലേക്ക് ഒഴുകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ലഭിക്കുന്ന ബസ്സുകളിലോ കിട്ടിയ കാറുകളിലോ ചെങ്കോട്ടയുടെ അടുത്തുള്ള പ്രദേശങ്ങളിലെത്തി അവിടെ നിന്ന് നടന്ന് ചെങ്കോട്ടയിലേക്ക് പോകുമെന്നും വിദ്യാർത്ഥികൾ പറയുന്നു.

നൂറുകണക്കിന് വിദ്യാർത്ഥികൾ ദേശീയപതാകകളും പ്ലക്കാർഡുകളും ഗാന്ധിജിയുടെ ചിത്രങ്ങളുമേന്തി ചെങ്കോട്ടയിലേക്ക് ഒഴുകുകയാണ്. വിദ്യാർത്ഥികൾക്ക് പിന്തുണയർപ്പിക്കാൻ നിരവധി ആളുകളും എത്തിയിട്ടുണ്ട്.