രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച പറ്റിയെന്ന് ആന്റോ ആന്റണി എംപി. അതേസമയം, ഹെലികോപ്റ്ററിന്റെ വീൽ താഴ്ന്നുപോയിട്ടില്ലെന്ന് കോന്നി എംഎൽഎ.

പത്തനംതിട്ട: രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച പറ്റിയെന്ന് ആന്റോ ആന്റണി എംപി. പ്ലാൻ ബിയെ കുറിച്ച് ഫലപ്രദമായി ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺക്രീറ്റ് ഉണങ്ങാനുള്ള സമയം കിട്ടാത്തതാണ് ഹെലികോപ്റ്റർ താഴാൻ കാരണം. രാഷ്ട്രപതിയെത്തും മുൻപ് മൈതാനത്തേക്ക് തെരുവുനായ ഓടിക്കയറിയിരുന്നു. രാഷ്ട്രപതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും എംപി പറഞ്ഞു.

സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കോന്നി എംഎൽഎ

രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. ഹെലികോപ്റ്ററിന്റെ വീൽ താഴ്ന്നുപോയിട്ടില്ലെന്നും ദൂരെ നിന്ന് മാധ്യമങ്ങൾക്ക് കണ്ടപ്പോൾ തോന്നിയതാണെന്നും ജനീഷ് കുമാർ പറഞ്ഞു.

ഹെലികോപ്റ്ററിന്റെ വീൽ താഴ്ന്നു പോയിട്ടില്ല. H മാർക്ക് ചെയ്ത സ്ഥലത്തല്ല ലാൻഡ് ചെയ്തത്. അൽപ്പം മാറിപ്പോയതാണ്. പൈലറ്റ് ആവശ്യപ്പെട്ടത് അനുസരിച്ച് മധ്യഭാഗത്തേക്ക് നീക്കി ഇട്ടതാണ്. എൻഎസ്ജി അടക്കം പരിശോധിച്ച സ്ഥലമാണ്. ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദേശിക്കുന്നത്. അതനുസരിച്ചാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്. യുദ്ധാടിസ്ഥാനത്തിലാണ് കോന്നിയിൽ ക്രമീകരണങ്ങൾ ചെയ്തത്. കോൺക്രീറ്റ് താഴ്ന്ന് പോയാൽ എന്താണ് പ്രശനം? മുകളിലേക്ക് ഉയർന്നല്ലേ പോകുന്നത് - കോന്നി എംഎൽഎ പറഞ്ഞു.

YouTube video player