ശെൽവരാജന് ആദ്യദിനങ്ങളിൽ  മാധ്യമങ്ങളോട് സംസാരിക്കാൻ നിയന്ത്രണം ഉണ്ടായിരുന്നു

ചെന്നൈ: കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിന്‍റെ തീവ്രത കുറയ്ക്കാൻ കാരണമായ ഒരു പൊലീസുകാരനുണ്ട്. സ്ഫോടനം നടക്കുമ്പോൾ നൂറുമീറ്റർ അകലെയുണ്ടായിരുന്ന പൊലീസുകാരന്‍റെ സമയോചിത ഇടപെടലാണ് രണ്ടാമത്തെ സിലിണ്ടർ പൊട്ടാതിരിക്കാൻ കാരണം. കോയമ്പത്തൂർ സിറ്റി പൊലീസിലെ സബ് ഇൻസ്പെക്ടർ ആർ ശെൽവരാജൻ ആണ് ആ ഉദ്യോഗസ്ഥൻ. ശെൽവരാജന് ആദ്യദിനങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കാൻ നിയന്ത്രണം ഉണ്ടായിരുന്നു. സമയോചിത ഇടപെടലിന് ഡി ജി പിയുടെ അഭിനന്ദനം പോലും ഇദ്ദേഹത്തെ തേടിയെത്തിക്കഴിഞ്ഞു. അതിനിടയിലാണ് ശെൽവരാജ് അന്ന് കണ്ടകാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചത്. വലിയ ശബ്ദത്തോടെയുള്ള ഒരു സ്ഫോടനമായിരുന്നു നടന്നതെന്ന് അദ്ദേഹം വിവരിച്ചു. സ്ഥലത്തെത്തിയപ്പോൾ പൊട്ടാത്ത രണ്ടാമത്തെ സിലിണ്ടർ കണ്ണിൽ പെട്ടെന്നും ഉടനെ തന്നെ ഫയർ ഫോഴ്സിനെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് അധിക‍ൃതർ വേഗത്തിലെത്തി രണ്ടാമത്തെ സിലിണ്ടർ പൊട്ടാതിരിക്കാൻ വേണ്ടത് ചെയ്തെന്നും നാടിന് അഭിമാനമായ പൊലീസുകാരൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഉക്കടം സ്ഫോടനം; വലിയ അപകടത്തിൽ നിന്നും നാടിനെ രക്ഷിച്ചത് ശെൽവരാജൻ | Coimbatore Car Blast

അതേസമയം ഉക്കടത്തെ സ്ഫോടന കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ഫോടനത്തിനും അസ്വാഭാവിക മരണത്തിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് എൻ ഐ എ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സ്ഫോടനത്തിൽ 1908ലെ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സി ആർ പി സി 174 (CRPC 174) പ്രകാരവുമാണ് കേസെടുത്തത്. എൻ ഐ എ ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ് വിഗ്നേഷാണ് അന്വേഷണ ചുമതല വഹിക്കുന്നത്. 109 വസ്തുക്കളാണ് കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ തൊണ്ടിയായി പിടിച്ചെടുത്തിട്ടുള്ളത്. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, ഫ്യൂസ് വയർ, നൈട്രോ ഗ്ലിസറിൻ, റെ‍ഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, സർജിക്കൽ ബ്ലേ‍ഡ്, കയ്യുറകൾ, ആണികൾ, ഗ്യാസ് സിലിണ്ടറുകൾ, ലഘുലേഖകൾ തുടങ്ങിയവയാണ് അവയെന്നും എൻ ഐ എ വ്യക്തമാക്കിയിട്ടുണ്ട്.

'കോയമ്പത്തൂർ സ്ഫോടന കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെടാൻ വൈകിയതെന്ത്'? തമിഴ്നാട്ടിലും ഗവർണർ സർക്കാർ പോര്