മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ തയ്യാറാണോ എന്ന് ഗവർണറെ അറിയിക്കാൻ ശിവസേനയ്ക്ക് മുമ്പിൽ മണിക്കൂറുകൾ മാത്രം ശേഷിക്കെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചു. അഞ്ച് മിനുട്ടോളം നേരം ഫോൺ സംഭാഷണം നീണ്ടു നിന്നുവെന്നാണ് റിപ്പോർട്ടുകൾ. ശിവസേന എൻസിപി സഖ്യത്തെ കോൺഗ്രസ് പിന്തുണയ്ക്കുമോ ഇല്ലയോ എന്ന് ഇത് വരെ പരസ്യ പ്രഖ്യാപനം ഉണ്ടായിട്ടില്ല. വൈകിട്ട് ഏഴര വരെയാണ് മഹാരാഷ്ട്ര ഗവർണർ ശിവസേനയ്ക്ക് നൽകിയിരിക്കുന്ന സമയം. സേനാ നേതാക്കൾ ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ  രാജ്ഭവനിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനായി ശിവസേനയെ പിന്തുണയ്ക്കാൻ തന്നെയാണ് എൻസിപിയിലെ ധാരണ. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കരുതെന്നും മുംബൈയിൽ ചേർന്ന എൻസിപി നേതൃയോഗം തീരുമാനിച്ചു. മുംബൈയിൽ പവാറിന്‍റെ അധ്യക്ഷതയിൽ വിളിച്ച് ചേർത്ത അടിയന്തര കോർകമ്മറ്റിയിൽ സേനയ്ക്കൊപ്പം സർക്കാരുണ്ടാക്കാമെന്നതിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നില്ല പക്ഷെ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെ കടുത്ത എതിർപ്പ് കണക്കിലെടുത്താണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ എൻസിപി തയാറാകാഞ്ഞത്. 

ആദിത്യക്ക് പകരം ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകട്ടെയെന്നാണ് എൻസിപി നിലപാട്, അതല്ലെങ്കിൽ മറ്റേതെങ്കിലും മുതിർന്ന നേതാവിന് അവസരം നൽകണമെന്നാണ് നിർദ്ദേശം. ഈ ആവശ്യം പവാർ ഉദ്ധവ് താക്കറയെ നേരിട്ട് അറിയിച്ചു. കേന്ദ്രമന്ത്രി പദം രാജിവച്ച് എൻഡിഎയിൽ നിന്ന് പൂർണമായി വിട്ട് വന്നാൽ മാത്രേമേ പിന്തുണയ്ക്കൂ എന്ന എൻസിപിയുടെ ആവശ്യം പോലെ തന്നെ ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ദ് രാജി സമർപ്പിച്ചിരുന്നു.