ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്പാല്‍ റെഡ്ഡി (77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. 

1942-ല്‍ ജനിച്ച റെഡ്ഡി ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. 1970-ല്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായി. പ്രഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത റെഡ്ഡി പിന്‍ക്കാലത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും ശ്രദ്ധേയനായ വ്യക്തിത്വമായി മാറി. 

രണ്ട് യുപിഎ മന്ത്രിസഭകളിലും അംഗമായിരുന്നു അദ്ദേഹം. ഐ കെ ഗുജ്‌റാളിന്റെയും മന്മോഹന്സിങ്ങിന്റെയും കാലത്തു വാർത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചു. യുപിഎ സർക്കാരിൽ പെട്രോളിയം, നഗരവികസനം, സാസ്കാരികം, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തു. കോൺഗ്രസിൽ പൊതുജീവിതം തുടങ്ങിയ ജയ്പാൽ റെഡ്ഢി 15 വർഷം ആന്ധ്ര നിയമസഭാംഗമായിരുന്നു. 

അടിയന്തരാവസ്ഥയോട് കലഹിച്ചു കോൺഗ്രസ്‌ വിട്ട് സോഷ്യലിസ്റ്റ് ധാരയിലെത്തി. ജനത പാർട്ടിയിൽ ചേർന്നു. 1980ൽ ഇന്ദിരാഗാന്ധി മേഡക്കിൽ മത്സരിച്ചപ്പോൾ എതിരാളി ജയ്പാൽ റെഡ്ഢി ആയിരുന്നു. ജനത പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളായി ഉയർന്ന റെഡ്ഢി 1991ൽ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി. 21 വർഷത്തെ ഇടവേളക്ക് ശേഷം 1998ൽ കോൺഗ്രസിൽ തിരിച്ചെത്തി. പിന്‍ക്കാലത്ത് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായി മാറിയ അദ്ദേഹം പാർട്ടിയുടെ ശക്തനായ വക്താവുമായി. 

പാർലമെന്‍റില്‍ ഉറച്ച ശബ്ദമായിരുന്ന ജയ്പാൽ റെഡ്ഢി നിലപാടുകളിൽ വെള്ളം ചേർക്കാൻ മടിച്ച നേതാവാണ്. റെഡ്ഡി പെട്രോളിയം മന്ത്രിയായിരുന്ന കാലത്താണ് മുകേഷ് അംബാനിയുടെ റിലയൻസ് കമ്പനിക്ക് 7000 കോടി രൂപ മന്ത്രാലയം പിഴ ചുമത്തിയത്. വലിയ സമ്മർദ്ദമുണ്ടായിട്ടും  ആ തീരുമാനം പുനഃപരിശോധിക്കാൻ മന്ത്രി തയ്യാറായിരുന്നില്ല. തൊട്ടടുത്ത പുനഃസംഘടനയിൽ റെഡ്ഢിയെ ശാസ്ത്ര സാങ്കേതിക വകുപ്പിലേക്ക് മാറ്റി. വിശാല ആന്ധ്രയിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായിരുന്നു റെഡ്ഢി. ആന്ധ്രയിലും തെലങ്കാനയിലും പാർട്ടി നിലനിൽപ്പിനു വേണ്ടി പൊരുതുമ്പോഴാണ് മികച്ച പ്രതിച്ഛായയും ജനസമ്മിതിയുമുള്ള ജയ്പാൽ റെഡ്ഢിയെന്ന നേതാവിന്റെ വിയോഗം.