ദില്ലി: കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍. കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ 63 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളാണ് ആവശ്യപ്പെട്ടത്. കേരളം 32 ട്രെയിനുകളും തമിഴ്‌നാട് 10 ട്രെയിനുകളും ജമ്മു കശ്മീര്‍ 9 ട്രെയിനുകളും കര്‍ണ്ണാടക 6 ട്രെയിനുകളും ആന്ധ്രാ പ്രദേശ് 3 ട്രെയിനുകളും പശ്ചിമ ബംഗാള്‍ രണ്ട് ട്രെയിനുകളും ഗുജറാത്ത് ഒരു ട്രെയിനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2020 മെയ് 01 മുതല്‍ ആരംഭിച്ച ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളില്‍  60 ലക്ഷത്തോളം ആളുകളാണ് സ്വദേശത്ത് എത്തിയത്. 
 ഇതുവരെ സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയത് 4277 ട്രെയിനുകളാണ്. സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. കൂടാതെ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ശ്രമിക് ട്രെയിൻ സര്‍വീസ് നടത്താനുള്ള അവസരം ഒരുക്കണമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.