ദില്ലി: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തിന്റെ ഭാഗമായി രാജ്യമൊട്ടാകെയുള്ള നൂറ് കണക്കിന് തടവുപുള്ളികളെ ജയിലിൽ നിന്ന് വിട്ടയക്കും. ഏതാണ്ട് 600 ഓളം പേരെ വിട്ടയക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാൽ അന്തിമ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിടുക.

സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയത്. കൊലപാതകം, ബലാത്സംഗം, അഴിമതി കേസുകളിലെ പ്രതികളൊഴികെയുള്ളവരെയാണ് പുറത്തുവിടുക.

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷിക ആചരണത്തോടനുബന്ധിച്ച് ഒരു വർഷത്തിനിടെ 1424 തടവുപുള്ളികളെ വിട്ടയച്ചിരുന്നു. 2018 ഒക്ടോബർ രണ്ടിനും 2019 ഏപ്രിൽ ആറിനുമാണ് ഇത്രയും പേരെ വിട്ടയച്ചത്. ഇതിന്റെ മൂന്നാം ഘട്ടമാണ് ഒക്ടോബർ രണ്ടിന് വിട്ടയക്കുന്ന തടവുപുള്ളികളുടെ പട്ടിക.

തങ്ങളുടെ ശിക്ഷാ കാലാവധിയിൽ പാതിയും പൂർത്തിയാക്കിയ, സ്ത്രീ തടവുകാരിൽ 55 വയസ് പിന്നിട്ടവരെയും, പുരുഷ തടവുകാരിൽ 60 വയസ് പിന്നിട്ടവരെയും വിട്ടയക്കും. ഇതിന് പുറമെ രാജ്യമെമ്പാടുമുള്ള ജയിലുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതികളെയും വിട്ടയക്കും. ശിക്ഷ കാലാവധിയുടെ പാതി പിന്നിട്ട, 55 വയസ് കഴിഞ്ഞ, ട്രാൻസ്ജെന്റർ കുറ്റവാളികളെയും 70 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവരെയും വിട്ടയക്കും.

വധശിക്ഷക്ക് വിധിക്കപ്പെട്ടവരെയും വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്‌തവരെയും വിട്ടയക്കില്ല. അഴിമതി നിരോധന നിയമം, ടാഡ (TADA) നിയമം, 2002 ലെ തീവ്രവാദ നിരോധന നിയമം, 1967 ലെ യുഎപിഎ നിയമം, 2012 ലെ പോക്സോ നിയമം, 2002 ലെ കള്ളപ്പണ നിരോധന നിയമം, 1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമം, 2015 ലെ ബ്ലാക് മണി (അൺഡിസ്ക്ലോസ്‌ഡ് ഫോറിൻ ഇൻകം ആന്റ് അസറ്റ്സ്) ആന്റ് ഇംപോസിഷൻ ഓഫ് ടാക്സ് നിയമം എന്നിവ പ്രകാരമുള്ള കേസിൽ ശിക്ഷിക്കപ്പെട്ടവരെയും വിട്ടയക്കില്ല.