ദില്ലി: സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ട ആവശ്യകത ഇല്ലെന്നും പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടെന്നും ആര്‍എസ്എസ് അനുബന്ധ വിദ്യാഭ്യാസ സംഘടന. കേന്ദ്രത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാല്‍ വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കുമെന്നും സംഘടന അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ദിനാനന്ദ് ബത്ര സ്ഥാപിച്ച ശിക്ഷ സംസ്കൃതി ഉത്തന്‍ ന്യാസ് (എസ്എസ്‍യുഎന്‍) ആണ് ഇക്കാര്യം അറിയിച്ചത്.  വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആവശ്യകതക്കനുസരിച്ചുള്ള കൗണ്‍സിലിങാണ് വേണ്ടതെന്ന് 
'സെക്സ്' എന്ന വാക്കിന്‍റെ ഉപയോഗത്തെ എതിര്‍ത്ത് എസ്എസ്‍യുഎന്‍ സെക്രട്ടറി അതുല്‍ കോത്താരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടികളെക്കാള്‍ കൂടുതല്‍ അവരുടെ മാതാപിതാക്കളെയാണ് ഇക്കാര്യത്തില്‍ ബോധവത്കരിക്കേണ്ടതെന്നും കോത്താരി പറഞ്ഞു. എന്നാല്‍ ശാസ്ത്രപഠനത്തിന്‍റെ ഭാഗമായി സ്കൂളുകളില്‍ മനുഷ്യ ശരീരത്തെ കുറിച്ചും അവയവങ്ങളെക്കുറിച്ചും പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയല്‍ നിഷങ്കിന് സമര്‍പ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ രൂപരേഖയില്‍ ഹൈസ്കൂള്‍ മുതലുള്ള വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസവും പഠനവിഷയമാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ കാലയളവില്‍ തന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത്. കഴിഞ്ഞ ബിജെപി ഭരണകാലത്ത് ആര്‍ കെ കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് നയത്തിന്‍റെ രൂപരേഖ തയ്യാറാക്കിയത്.