ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഷാഹീൻ ബാഗ് സമരക്ക‍ാർ നടത്തിയ മാർച്ച് പൊലീസ് തട‌ഞ്ഞു. രണ്ട് മണിയോടെ മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ സമരക്കാര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

അമിത് ഷായുടെ വീട്ടിലേക്ക് മാർ‍ച്ച് നടത്താൻ അനുമതി തേടി ഷാഹിൻബാഗ് സമരക്കാർ സമീപിച്ചുവെന്ന് സൗത്ത് ഈസ്റ്റ്‌ ദില്ലി ഡിസിപി   ആർ പി മീണ വ്യക്തമാക്കി. അയ്യായിരം പേരുടെ മാര്‍ച്ചിന് അനുമതി നൽകാനാവില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. അഞ്ച് പേര്‍ക്ക് അനുമതി നൽകാമെന്നായിരുന്നു പൊലീസ് നിലപാട്.

സമരം സംഘര്‍ഷത്തിലേക്ക് പോയില്ല. റോഡിൽ കുത്തിയിരുന്ന് സമാധാനപരമായി പ്രതിഷേധിക്കാനാണ് ഷാഹീൻബാഗിലെ സമരക്കാരുടെ തീരുമാനം. ഇവ‍ര്‍ സമരം തുടരുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബർ 15 മുതൽ ഷാഹീൻബാഗ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമരവേദിയായി മാറിയിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.

കാളിന്ദികുൻജിനും നോയിഡയ്ക്കും ഇടയിലൂടെ കടന്നുപോകുന്ന പ്രധാന നിരത്തിലാണ് സമരം നടക്കുന്നത്.  തെരുവുനാടകങ്ങളും, പ്രസംഗങ്ങളും, റാലികളും നടത്തി സ്ത്രീകൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.