തന്‍റെ പദ്ധതി ശരദ് പവാറിനെ അറിയിച്ചിട്ടുണ്ടെന്നും തന്‍റെ കൂടെ വരുന്ന എംഎല്‍എമാരെക്കുറിച്ച് ശരദ് പവാറിന് ബോധ്യമുണ്ടായിരുന്നെന്നും അജിത് പവാര്‍ പറഞ്ഞതായി ഫഡ്നാവിസ് പറഞ്ഞു.

മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ശരദ് പവാറിന് അറിയാമായിരുന്നുവെന്ന് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം വ്യക്തമാക്കിയത്. അജിത് പവാറാണ് സഖ്യ സാധ്യതയുമായി തന്നെ സമീപിച്ചത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും ത്രികക്ഷി സഖ്യ സര്‍ക്കാറിന് സ്ഥിരതയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ പദ്ധതി ശരദ് പവാറിനെ അറിയിച്ചിട്ടുണ്ടെന്നും തന്‍റെ കൂടെ വരുന്ന എംഎല്‍എമാരെക്കുറിച്ച് ശരദ് പവാറിന് ബോധ്യമുണ്ടായിരുന്നെന്നും അജിത് പവാര്‍ പറഞ്ഞതായി ഫഡ്നാവിസ് പറഞ്ഞു. ശരദ് പവാറിന് മാത്രമല്ല, ഭൂരിപക്ഷം എന്‍സിപി എംഎല്‍എമാര്‍ക്കും അജിത് പവാറിന്‍റെ പദ്ധതിയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. പലരോടും വ്യക്തിപരമായി ബന്ധപ്പെട്ടിരുന്നു. വിചാരിച്ചതുപോലെ ഒരു ദിവസം കൊണ്ടല്ല സഖ്യമുണ്ടായത്. പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നെന്നും ഫഡ്നാവിസ് പറഞ്ഞു.

അജിത് പവാറിന്‍റെ സ്വന്തം ഇഷ്ടപ്രകാരമാണ് ബിജെപിയുടെ അടുത്തേക്ക് വന്നത്. സംശയമുണ്ടെങ്കില്‍ അജിത് പവാറിനോട് ചോദിക്കാം. പ്രസിഡന്‍റ് ഭരണം അവസാനിപ്പിച്ചതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയമപരമായി തടസ്സമുണ്ടായിരുന്നില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. നേരത്തെ, മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അജിത് പവാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തനിക്ക് അറിയില്ലെന്ന് ശരദ് പവാര്‍ അവകാശപ്പെട്ടിരുന്നു.