തരൂരിന് മേൽ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി

ദില്ലി: സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ. തരൂരിന് മേൽ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി വിധിച്ചു. ജഡ്ജി ഗീതാംഞ്ജലി ഗോയൽ ആണ് വിധി പറഞ്ഞത്. കേസന്വേഷിച്ച ദില്ലി പൊലീസിന്‍റെ പ്രത്യേക സംഘം നൽകിയ കുറ്റപത്രമാണ് കോടതി തള്ളിയത്. തരൂരിനെതിരെ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനവും ക്രൂരതയും ചുമത്തിയായിരുന്നു പൊലീസ് കുറ്റപത്രം. എല്ലാ കുറ്റങ്ങളും കോടതി തള്ളി.

പൊലീസിനെതിരായ തരൂരിന്‍റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്തതാണെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ആത്മഹത്യ പ്രേരണക്കുള്ള കുറ്റം നിലനിൽക്കില്ല എന്ന തരൂരിന്‍റെ വാദം കോടതി അംഗീകരിച്ചു. വിവിധ മെഡിക്കൽ ബോര്‍ഡുകളുടെ റിപ്പോര്‍ട്ടുകളും കോടതി കണക്കിലെടുത്തു.

സുനന്ദപുഷ്കറിന്‍റെ കുടുംബാംഗങ്ങളാരും പരാതി ഉന്നയിച്ചിട്ടില്ല എന്ന വാദവും കോടതി പരിഗണിച്ചു. ഉത്തരവിനെതിരെ പൊലീസിന് ഹൈക്കോടതിയെ സമീപിക്കാം. ഉത്തരവിന്‍റെ പകര്‍പ്പ് ഗാര്‍ഹിക പീഡന കേസുകൂടിയായതിനാൽ പരസ്യപ്പെടുത്തുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

നീതി ഉറപ്പാക്കിയതിന് ശശി തരൂര്‍ കോടതിക്ക് നന്ദി അറിയിച്ചു. ഏഴ് വര്‍ഷമായി വിടാതെ തുടരുന്ന പേടിസ്വപ്നത്തിനാണ് അവസാനമായതെന്നും തരൂര്‍ പ്രതികരിച്ചു. എല്ലാ ആരോപണങ്ങളെയും നേരിട്ട് ജുഡീഷ്യറിയിൽ താൻ വിശ്വാസം അര്‍പ്പിച്ചു എന്നും പ്രസ്താവനയിൽ ശശി തരൂര്‍ വ്യക്തമാക്കി. 

YouTube video player

സുനന്ദ പുഷ്കര്‍ ദുരൂഹമരണക്കേസിൽ ഇത് വരെയുണ്ടായ പ്രധാന സംഭവങ്ങൾ. 

2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സുനന്ദയുടെ മരണം ഉറക്കഗുളികയ്ക്കു സമാനമായ മരുന്നുഗുളികകൾ അമിതമായി കഴിച്ചതിനാലാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 12 മുറിവുകളുണ്ടെന്നും ഇവയിൽ ചിലത് പല്ലും നഖവുംകൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടിൽ ഉണ്ടായിരുന്നു.

മരണത്തിന് പിന്നാലെ ശശി തരൂരും സുനന്ദയുടെ മകന്‍ ശിവ് മേനോനുമുള്‍പ്പെടെ എട്ടുപേരില്‍ നിന്നു ദില്ലി സബ്ഡിവിഷണൽ മജിസ്ട്രേറ്റ് മൊഴിയെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ദില്ലി പോലീസ് പരിശോധിച്ചു. 2014 ജനുവരി 23ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. 2014 മാര്‍ച്ച് 3ന് സുനന്ദ മരിക്കുമ്പോള്‍ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നില്ലെന്നും അമിതമായ മരുന്ന് ഉപയോഗമാകാം മരണകാരണമെന്നുമുള്ള ഫോറൻസിക് പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നു.

2014 ജൂലൈ 02നാണ് വിവാദം അടുത്ത തലത്തിലേക്ക് നീങ്ങുന്നത്. സുനന്ദ പുഷ്ക്കറിന്‍റേത് സ്വാഭാവികമരണമെന്ന് വരുത്താൻ ഗുലാം നബി ആസാദിൽനിന്നും സമ്മർദ്ദമുണ്ടായെന്ന് പോസ്റ്റ്മോർട്ടം നടത്തിയ എയിംസ് സംഘത്തലവൻ ഡോ സുധീർ ഗുപ്തയുടെ പരാമർശം വിവാദമായി. കേന്ദ്രസർക്കാർ എയിംസ് അധികൃതരോട് വിശദീകരണം തേടി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഉന്നത ഇടപെടലുണ്ടായെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം എയിംസ് ഡയറക്ടറോട് ആവശ്യപ്പെട്ടു.

മരണകാരണം വിഷം ഉള്ളിൽച്ചെന്നതു തന്നെയെന്നായിരുന്നു എയിംസ് രണ്ടാംവട്ടവും നടത്തിയ ആന്തരികാവയവ രാസപരിശോധനയിലെ ഫലം. കുടല്‍ഭാഗ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് എയിംസ് ദില്ലി പോലീസിന് കൈമാറി.

2014 നവംബര്‍ 09ന് സുനന്ദ താമസിച്ചിരുന്ന ഹോട്ടൽമുറി പോലീസും വിരലടയാള വിദഗ്ധരും പരിശോധിച്ചു. കിടക്കവിരിയിലും പരവതാനിയിലും ദ്രാവകത്തിന്‍റെ പാടുകള്‍ പോലീസ് കണ്ടെത്തി.

2015 ജനുവരി 06ന് കൊലപാതകത്തിന് ദില്ലി പൊലീസ് കേസെടുത്തു. ആരെയും പ്രതി ചേര്‍ക്കാതെ ഐപിസി 302-ാം വകുപ്പു പ്രകാരമായിരുന്നു കേസ്. തരൂരിന്‍റെ ഓഫീസ് ജീവനക്കാരെ ദില്ലി പോലീസ് ചോദ്യംചെയ്തു. 2015 ജനുവരി 07ന് ദില്ലി പോലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

2015 ജനുവരി 19ന് ശശി തരൂരിനെ പ്രത്യേക അന്വേഷണസംഘം നാലു മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിന് പിന്നാലെ 2015 ജനുവരി 28ന്
സമാജ്‍വാദി പാര്‍ട്ടി മുന്‍ നേതാവ് അമർ സിങിനെ ദില്ലി പോലീസ് ചോദ്യം ചെയ്തു. മരിക്കുന്നതിനു 2 ദിവസം മുമ്പ് സുനന്ദ വിളിച്ച് ഐപിഎല്‍ ഇടപാടുകളെക്കുറിച്ച് സംസാരിച്ചുവെന്ന അമര്‍സിങ്ങിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ചോദ്യംചെയ്യല്‍. 

 2015 ജൂലൈ 06ന് സുനന്ദപുഷ്കറിന്‍റെ മരണം സിബിഐ പ്രത്യേകസംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 2016 ജൂലൈ 18ന് പാക് മാധ്യമപ്രവർത്തക മെഹർ തരാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.

2017 ജൂലൈ 20ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ദില്ലി പോലീസിന് ‍ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

2017 ഓഗസ്റ്റ് 01ന് ദില്ലി പോലീസിനെതിരെ വീണ്ടും വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തി. അന്വേഷണത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് വൈകുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. ദില്ലി പൊലീസ് സമര്‍പ്പിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തതെന്നും ഹൈക്കോടതി അന്ന് നിരീക്ഷിച്ചു. 

2017 സെപ്റ്റംബര്‍ 01ന് ലീലാ പാലസ് ഹോട്ടല്‍മുറിയില്‍ സെന്‍ട്രല് ഫോറന്‍സിക് ലാബ് അധികൃതര്‍ വീണ്ടും പരിശോധന നടത്തി. 2017 സെപ്റ്റംബര്‍ 21ന് ദില്ലി പൊലീസിന് ഹൈക്കോടതി അന്ത്യശാസന നൽകി. രണ്ടുമാസത്തിനകം അന്വേഷണം തീര്‍ക്കണമെന്നായിരുന്നു അന്നത്തെ ഉത്തരവ്.

2017 ഒക്ടോബര്‍ 26ന് പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി. 2018 ജനുവരി 29ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീംകോടതിയെ സമീപിച്ചു. മരണത്തിലെ ദുരൂഹത ഗൗരവമേറിയ വിഷയമെന്ന് സുപ്രീംകോടതി പരാമര്‍ശിക്കുകയുണ്ടായി.

2018 മേയ് 15ന് തരൂരിനെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനു ദില്ലി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സുനന്ദ-തരൂര്‍ ഭിന്നത തെളിയിക്കാന്‍ മനശാസ്ത്ര അവലോകന റിപ്പോര്‍ട്ടും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചു. 2018 ജൂലൈ 07ന് കേസില്‍ ശശി തരൂരിന് ഡല്‍ഹി കോടതി സ്ഥിരജാമ്യം അനുവദിച്ചു.

2020 ജൂലൈ 16ന് സുനന്ദയുടെ ട്വീറ്റുകള്‍ കണ്ടിട്ടില്ലെന്നും ഈ ട്വീറ്റുകള്‍ കേസ് രേഖകളുടെയോ കുറ്റപത്രത്തിന്‍റെയോ ഭാഗമല്ലെന്നും ദില്ലി പോലീസ് കോടതിയില്‍ അറിയിച്ചു

2021 ആഗസ്റ്റ് 18 ന് ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona