Asianet News MalayalamAsianet News Malayalam

'ദില്ലിയുടെ മരുമകൾ', ഇന്ദ്രപ്രസ്ഥത്തിന്‍റെ വികസന നായിക - ഷീലാ ദീക്ഷിത്

രാഷ്ട്രീയത്തിലിറങ്ങുന്ന 'ബഹു', മരുമകൾ എന്നത് ഇപ്പോഴൊരു പുതിയ വാർത്തയേ അല്ല. പക്ഷേ, പണ്ട് അങ്ങനെയായിരുന്നില്ല. അങ്ങനെ നോക്കിയാൽ ഇന്ത്യയിൽ രാഷ്ട്രീയത്തിലിറങ്ങി മികവ് തെളിയിച്ച ആദ്യത്തെ 'മരുമകളാ'ണ് ഷീലാ ദീക്ഷിത്. 

sheila dixit political career and life line
Author
New Delhi, First Published Jul 20, 2019, 5:28 PM IST

ദില്ലി: രാജ്യ തലസ്ഥാനത്തെ പിടിച്ചു കുലുക്കിയ "നിർഭയ" കൂട്ടബലാത്സംഗത്തിന് തൊട്ടുമുമ്പ് വരെ, ദില്ലിക്കാരുടെ പ്രിയപ്പെട്ട 'അമ്മ' ബിംബമായിരുന്നു ഷീലാ ദീക്ഷിത്. ദില്ലിയുടെ ഗതാഗതത്തെത്തന്നെ വിപ്ലവാത്മകമായി പരിഷ്കരിച്ച ദില്ലി മെട്രോ പോലുള്ള വികസന പദ്ധതികൾ കൊണ്ടുവന്ന മികച്ച ഭരണ തന്ത്രജ്ഞ. അതിനെല്ലാം വളരെക്കാലം മുമ്പ്, ഇന്ത്യയിൽ രാഷ്ട്രീയത്തിലിറങ്ങിയ 'പെൺ മരുമക്കളിൽ' ആദ്യത്തെയാൾ. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഉമാ ശങ്കർ ദീക്ഷിതിന്‍റെ മകൻ വിനോദ് ദീക്ഷിതിനേക്കാൾ, രാഷ്ട്രീയരംഗത്ത് ആ കുടുംബപ്പേര് മായാതെ പതിപ്പിച്ചത് ആ കുടുംബത്തിലേക്ക് വന്നു കയറിയ 'മരുമകളാ'യിരുന്നു. ഷീലാ കപൂർ എന്ന ഷീലാ ദീക്ഷിത്. 

അവസാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ, നായികാപദവിയിൽ നിന്ന് മാറിയില്ല ഷീലാ ദീക്ഷിത്. ആം ആദ്മി പാർട്ടിയുടെ ജനനത്തിന് വഴിയൊരുക്കിയ ബഹുജനപ്രക്ഷോഭം മാത്രമാണ് ഷീലാ ദീക്ഷിതിനെ ഒട്ടൊന്ന് തളർത്തിയതും സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തിയതും.

പിന്നീട്, കോൺഗ്രസിന് അതേ 'ബഹു'വിനെത്തന്നെ തിരിച്ചു വിളിക്കേണ്ടി വന്നു. ദില്ലിയിലെ കോൺഗ്രസിനെ നയിക്കാൻ. സ്വന്തം കർമഭൂമിയായിരുന്ന വടക്കു കിഴക്കൻ ദില്ലിയിൽ നിന്ന് തോൽക്കേണ്ടി വന്നെങ്കിലും, ബിജെപിക്കെതിരെ, ഒരിക്കൽ തന്നെ വീഴ്‍ത്തിയ ആം ആദ്മി പാർട്ടിയുമായി ഒന്നിക്കാൻ അവസാന കാലം വരെ അവർ തയ്യാറായിരുന്നില്ല. അതായിരുന്നു അവരുടെ പ്രത്യേകത. നിലപാടുകളിലെ കാർക്കശ്യം. അത് നടപ്പിലാക്കാൻ ഗാന്ധി കുടുംബത്തിലുണ്ടായിരുന്ന സ്വാധീനവും ഷീലാ ദീക്ഷിതിന് തുണയായി. 

'ഷീലയുടെ ദില്ലി'

ഷീലാ ദീക്ഷിതിന്‍റെ ആത്മകഥയായ ദില്ലി പൗരയെന്ന നിലയിൽ, എന്‍റെ കാലം, എന്‍റെ ജീവിതം - എന്ന പുസ്തകത്തിൽ എങ്ങനെയാണ് ഐഎസ്എസ് ഓഫീസറായിരുന്ന വിനോദ് ദീക്ഷിതുമായി പ്രണയത്തിലായതെന്ന് അവർ എഴുതുന്നത് വായിക്കാൻ രസമാണ്. പഞ്ചാബിലെ കപൂർത്തലയിൽ ഒരു പഞ്ചാബി ഖത്ത്‍രി കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഷീലാ ദീക്ഷിത് വളർന്നത് ദില്ലിയിലാണ്. ദില്ലിയിലെ കോൺവെന്‍റ് ഓഫ് ജീസസ് ആന്‍റ് മേരി സ്കൂളിൽ പഠിച്ച്, മിരാൻഡ ഹൗസ് കോളേജിൽ ഉപരിപഠനം നടത്തിയ ഷീല ദില്ലിയെ അത്യധികം സ്നേഹിച്ചു. 

ദില്ലി സർവകലാശാലയിലെ നോർത്ത് ക്യാംപസിൽ നിന്ന്, കൃത്യമായി പറഞ്ഞാൽ പത്താം നമ്പർ ബസ്സിൽ വച്ചാണ് ഷീല വിനോദിനെ ആദ്യമായി കാണുന്നത്. ചരിത്രപഠനത്തിനായി ആദ്യം ക്യാംപസിലെത്തിയതാണ് ഷീല. 'ഒറ്റനോട്ടത്തിലെ പ്രേമം' ഒന്നുമായിരുന്നില്ല വിനോദിനോട് എന്ന് ഷീലാ ദീക്ഷിത് എഴുതുന്നു. അഞ്ചരയടി പൊക്കമുള്ള, സുന്ദരനായ വിനോദ് ക്യാംപസിലെ താരമായിരുന്നു. പശ്ചിമബംഗാൾ ഗവർണറായിരുന്ന ഉമാശങ്കർ ദീക്ഷിതിന്‍റെ മകനെന്ന ഇമേജും വിനോദിനുണ്ടായിരുന്നല്ലോ.

പക്ഷേ, കൂട്ടുകാരിലൂടെ, ഇരുവരും അടുത്തു. അപ്പോഴും വിവാഹിതരാകുമോ എന്ന ഉറപ്പൊന്നുമില്ലായിരുന്നെന്ന് ഷീലാ ദീക്ഷിത് എഴുതുന്നു. ഫിറോസ് ഷാ റോഡിലുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് എന്നും ബസ്സിൽ ഒപ്പം വരും വിനോദ്. മൂന്ന് വർഷം പിന്നിട്ട ശേഷം, കോളേജിൽ ഷീലയുടെ അവസാനപരീക്ഷാക്കാലമായി. ഒരു ദിവസം വൈകിട്ട്, ബസ്സിൽ ഒരുമിച്ച് മടങ്ങവെ വിനോദ് ഷീലയോട് പറഞ്ഞു: ''ഞാൻ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് അമ്മയോട് പറയാൻ പോവുകയാണ്''. ''അതിന് ആ പെൺകുട്ടിക്ക് ഇതറിയാമോ?'', ഷീല തിരികെ ചോദിച്ചു. ''ഇല്ല, പക്ഷേ, അവളാണിപ്പോൾ എന്‍റെയടുത്ത് ഇരിക്കുന്നത്''. ഒരു നിമിഷം ഷീല നിശ്ശബ്ദയായി. പക്ഷേ, ഉള്ളിൽ താൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നെന്ന് ഷീലാ ദീക്ഷിത് എഴുതുന്നു.

sheila dixit political career and life line

ദില്ലിയുടെ വികസനവും ഷീലാ ദീക്ഷിതും

ബ്യൂറോക്രാറ്റുകളുടെ നഗരമായിരുന്നു ദില്ലി. കുടിയേറ്റക്കാരുടെയും. വലിയവനും ചെറിയവനും തമ്മിലുള്ള അന്തരം ഒറ്റനോട്ടത്തിലറിയാവുന്ന, പ്രതലമായി ഗുഡ്‍ഗാവിൽ നിന്ന് നോയ്‍ഡ വരെ ഇന്ദ്രപ്രസ്ഥമെന്ന തലസ്ഥാനം നീണ്ടു നിവർന്ന് കിടന്നു. അവിടേക്ക് സാധാരണക്കാരന് വേണ്ടിയും ലോകത്തെ മികച്ച യാത്രാസൗകര്യങ്ങൾ നിർമിച്ച് നൽകണമെന്ന ദീർഘവീക്ഷണത്തോടെ ജോലി ചെയ്ത മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്. അതുകൊണ്ടുതന്നെയാണ് 15 വർഷക്കാലം അവരുടെ നേതൃത്വം അനിഷേധ്യമായി ദില്ലിയിൽ തുടർന്നത്. 

Image result for sheila dixit delhi metro

: ദില്ലി മെട്രോയിൽ എ ബി വാജ്‍പേയിക്കൊപ്പം ഷീലാ ദീക്ഷിത്

1982-ൽ രാജീവ് ഗാന്ധി ഏഷ്യൻ ഗെയിംസിന് വേണ്ടി തുടങ്ങി വച്ച വൻ പ്രോജക്ടുകളുടെയും സമുച്ചയങ്ങൾ വിപുലീകരിച്ചത് ഷീലാ ദീക്ഷിതാണ്. ചെറിയ ദില്ലിയിൽ അവരുടെ ഭരണകാലത്ത് പണിതത് 87 ഫ്ലൈ ഓവറുകളാണ്. പൊതുഗതാഗതസംവിധാനം മുഴുവൻ മലിനീകരണ രഹിതമായി നിലനിർത്താൻ സിഎൻജിയിലേക്ക് മാറ്റിയതും, റെക്കോഡ് വേഗത്തിൽ ദില്ലി മെട്രോ പണി തീർത്തതും- ഇങ്ങനെ നിരവധി വിപ്ലവാത്മകമായ വികസന പദ്ധതികൾ ഷീലാ ദീക്ഷിത് നടപ്പാക്കി. 'ഭാഗീധാരി', എന്ന, സഹകരണ ഭരണ സംവിധാനത്തിലൂടെ, റസിഡന്‍റ് വെൽഫെയർ അസോസിയേഷനുകളും അവർ രൂപീകരിച്ചു.

ഗാന്ധി കുടുംബത്തിന്‍റെ സ്വന്തം ഷീല

എന്നും ഗാന്ധി കുടുംബത്തിന്‍റെ അടുപ്പക്കാരിൽ ഒരാളായിരുന്നു ഷീലാ ദീക്ഷിത്. ഗാന്ധി കുടുംബത്തിലെ ഇളം തലമുറക്കാർ മുതൽ മുതിർന്നവർ വരെ അവരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ഭരണസിരാ കേന്ദ്രത്തിൽ യുപിഎയും കോൺഗ്രസും ഉണ്ടായിരുന്നപ്പോഴെല്ലാം തൊട്ടടുത്തുണ്ടായിരുന്ന ഷീലാ ദീക്ഷിതിന് ഒരിക്കലും കേന്ദ്രസർക്കാരിൽ നിന്ന് പിന്തുണ കിട്ടാതിരുന്നതുമില്ല.

Related image

1998 മുതൽ 2013 വരെ ദില്ലി മുഖ്യമന്ത്രിയായിരുന്ന കാലത്തൊന്നും ഷീലാ ദീക്ഷിതിന്‍റെ അപ്രമാദിത്തം പാർട്ടിയിൽ ചോദ്യം ചെയ്യപ്പെട്ടതേയില്ല. 2013-ൽ ആം ആദ്മി പാർട്ടിയോട് മത്സരിച്ച് അടി തെറ്റുന്നത് വരെ. അധികാരപ്രമത്തത, കൺമുന്നിൽ കാണുന്നതിനെപ്പോലും ഇല്ലാതാക്കുമെന്നതിന്‍റെ ഉദാഹരണമായിരുന്നു അരവിന്ദ്‍ കെജ്‍രിവാളെന്ന സാധാരണ ഐആർഎസ് ഓഫീസറോട് അടിയറവു പറഞ്ഞ ഷീലാ ദീക്ഷിതിന്‍റെ തോൽവി. 

പക്ഷേ പിന്നീട്, പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ മുതൽ, അനുദിനം വളരുന്ന ദില്ലിയിലെ പുതിയ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നടപ്പാക്കാനാകാതിരുന്നതും, ഷീലാ ദീക്ഷിതിന് തിരിച്ചടിയായി. വെള്ളം, വൈദ്യുതി - എന്നിവ സ്വകാര്യ വത്കരിക്കുകയല്ല, സാധാരണക്കാർക്ക് എത്തിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് അവർക്കെവിടെ വച്ചോ കൈമോശം വന്നു. 2012-ൽ നിർഭയ കൂട്ടബലാത്സംഗത്തിൽ 'ഇരയ്ക്ക് ആക്രമണമേൽക്കേണ്ടി വന്നത് അർധരാത്രി പുറത്തിറങ്ങി നടന്നിട്ടല്ലേ', എന്നതടക്കമുള്ള പരാമർശങ്ങൾ അവരെ 'അമ്മ' പരിവേഷത്തിൽ നിന്ന് താഴെയിറക്കി. വമ്പിച്ച ജനരോഷത്തിൽ അവർക്ക് അടിതെറ്റി. 

ഇതിന് പുറമേയായിരുന്നു കോമൺവെൽത്ത് ഗെയിംസ് അഴിമതിയാരോപണങ്ങൾ. കോമൺവെൽത്ത് ഗെയിംസ് വേദികൾ പണിഞ്ഞതിൽ വൻ അഴിമതി നടന്നെന്ന റിപ്പോർട്ടുകൾ അവരെ പ്രതിരോധത്തിലാക്കി. തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയിലേക്ക് നയിച്ചു.

പക്ഷേ, കോൺഗ്രസ് അവരെ സംരക്ഷിച്ചു. 2014-ൽ മോദി സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ്, അവരെ കേരളാ ഗവർണറാക്കിയെങ്കിലും അവർ തിരികെയെത്തി. ദില്ലിയിലെ കോൺഗ്രസിനെ നയിക്കാൻ അജയ് മാക്കനെപ്പോലുള്ളവർ മതിയാകില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു അവരെ കോൺഗ്രസ് മടക്കി വിളിച്ചത്. 

Image result for sheila dixit kerala

: കേരളാ ഗവർണറായി ചുമതലയേൽക്കുന്ന ഷീലാ ദീക്ഷിത്

പക്ഷേ, പിന്നീടൊരു വിജയം ദില്ലിയിൽ കോൺഗ്രസിനുണ്ടായില്ല. മോദി തരംഗത്തിൽ ദില്ലി ബിജെപിക്കൊപ്പം നിന്നു. ഏറ്റവുമൊടുവിൽ ദില്ലി പിസിസി അധ്യക്ഷയായി പാർട്ടിയെ നയിച്ചിട്ടും 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തലസ്ഥാനത്ത് അവർക്ക് അടിതെറ്റി. പക്ഷേ, അവസാനം വരെ, തന്നെ ഒരിക്കൽ തോൽപിച്ച ആം ആദ്മി പാർട്ടിയുമായി സമവായത്തിന് തയ്യാറായിരുന്നില്ല അവ‍ർ. ആപ് സഖ്യത്തിന്‍റെ പേരിൽ ദില്ലിയുടെ ചുമതലയുണ്ടായിരുന്ന പി സി ചാക്കോയുമായി തർക്കിച്ചു, കലഹിച്ചു അവർ. ഒടുവിൽ ഷീലാ ദീക്ഷിതിന്‍റെ വാശി ജയിച്ചു. കോൺഗ്രസ് കുടുംബം ഷീലയ്ക്കൊപ്പം തന്നെ നിന്നു. 

Image result for sheila dixit kejriwal

ആ കാലമാണ് അവസാനിക്കുന്നത്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നു. പരിണതപ്രജ്ഞയായ ഒരു നേതാവിനെ കോൺഗ്രസിന് നഷ്ടമാവുകയാണ്. ഒരർത്ഥത്തിൽ ദില്ലിയുടെ മുക്കും മൂലയും അറിയാമായിരുന്നു ഷീലാ ദീക്ഷിതിന്. അങ്ങനെയൊരു നേതാവിന്‍റെ അഭാവത്തിൽ കോൺഗ്രസ് ദില്ലി കടക്കുമോ? കണ്ടറിയണം. 

Follow Us:
Download App:
  • android
  • ios