കല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിനാളെ കല്‍ക്കത്തയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുക്കുന്നത് കനത്ത സുരക്ഷ. പരത്വ ഭേദഗതി നിയമത്തിനെിതരെ ബംഗാളില്‍ ശക്തമായ പ്രക്ഷോഭം നില നില്‍ക്കുന്നതിനാല്‍ സാധാരണയില്‍ നിന്നും കൂടുതല്‍ സുരക്ഷക്രമീകരണങ്ങളാണ് ഒരുക്കുന്നത്. വിമാനത്താവളം മുതല്‍ മോദി സഞ്ചരിക്കുന്ന എല്ലാ റൂട്ടുകളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം നിര്‍ത്തിവച്ച് സുരക്ഷ ഒരുക്കാനാണ് നിര്‍ദ്ദേശം. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്‍റെ 150-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്.

വിമാനത്താവളത്തില്‍ റണ്‍വേയുടെ അരികില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനും റോഡ് മാര്‍ഗം പ്രതിഷേധമുണ്ടായാല്‍ വിമാനത്താവളത്തില്‍ നിന്നും ചോപ്പര്‍ വഴി പോകാനുമുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് വിമാനത്താവള പരിസരത്ത് പ്രധാനമന്ത്രിയുടെ പാത തടയുന്നതടക്കമുള്ള പദ്ധതികള്‍ പ്രതിഷേധക്കാര്‍ ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്.

മൂന്ന് സംഘടനകള്‍ വിമാനത്താവള പരിസരത്ത് വലിയ തോതിലുള്ള പ്രതിഷേധത്തിന് ആസൂത്രണം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച സുരക്ഷാ സേനയും ഉദ്യോഗസ്ഥരും പൊലീസും സംസ്ഥാന സർക്കാരും മോദി പുറപ്പെടാൻ പോകുന്ന വിമാനത്താവളത്തില്‍ റൂട്ട് സർവേ നടത്തിയിരുന്നു. വിഐപികൾ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന റോഡിന് ഇരുവശത്തും ബാരിക്കേഡുകൾ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പഴയ അന്താരാഷ്ട്ര ടെർമിനലിനടുത്തുള്ള ഗേറ്റ് നമ്പർ 4 വഴിയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരിക. ഇപ്പോൾ ഉപയോഗത്തിലുള്ള ഇന്റഗ്രേറ്റഡ് ടെർമിനലിൽ നിന്ന് അകലെയാണ് ഇത്. വിഐപികളുടെ സുരക്ഷായി ഉദ്ദേശിച്ചുള്ള ബാരിക്കേഡുകൾ സാധാരണയായി വിഐപി റോഡിൽ നിന്നാണ് സജ്ജമാക്കുന്നത്. എന്നാൽ ഇത്തവണ പ്രതിഷേധ ഭീഷണികളും ഉപരോധങ്ങളും കാരണം ഗേറ്റ് നമ്പർ 4 ൽ നിന്ന് ഇവ സ്ഥാപിക്കും, അത് മിക്കവാറും റൺവേയുടെ  തൊട്ടടുത്ത് നിന്ന് ആരംഭിക്കുമെന്ന് ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യോമസേനയുടെ ചോപ്പർ സ്റ്റാൻഡ്‌ബൈയിൽ സൂക്ഷിക്കാനാണ് തീരുമാനം. വലിയ തോതിലുള്ള പ്രതിഷേധമുണ്ടെങ്കിൽ, പ്രധാനമന്ത്രിയെ മൈതാനിലെ ആർ‌സി‌ടി‌സി ഗ്രൗണ്ടിലേക്ക് കൊണ്ടുപോകാൻ ചോപ്പർ ഉപയോഗിക്കും. റോഡ് മാര്‍ഗമാണെങ്കില്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്ന റോഡില്‍ തടസങ്ങളുണ്ടാകാതിരിക്കാന്‍  മെട്രോ ഇടനാഴി, എയർ ട്രാഫിക് കൺട്രോൾ ടവർ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ ശനിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് നിർത്തി വയ്ക്കാനും തീരുമാനമായിട്ടുണ്ട്.

2012 ല്‍ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്‍റെ സന്ദർശനത്തിനിടയിലോ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടുത്തിടെ നടത്തിയ കല്‍ക്കത്ത സന്ദർശനത്തിനിടയിലോ ഗേറ്റ് നമ്പർ 4 നും വിഐപി റോഡിനും ഇടയിൽ ബാരിക്കേഡുകൾ ഉണ്ടായിരുന്നില്ല. രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിച്ചേരും എന്നാണ് വിവരം.