മുംബൈ: ഹിന്ദുക്കളെയും ഇന്ത്യയെയും അപകീര്‍ത്തിപ്പെടുത്തുന്നെന്ന് ആരോപിച്ച് നെറ്റ്‍ഫ്ലിക്സിനെതിരെ പരാതി നല്‍കി ശിവസേന ഐടി സെല്‍ അംഗം. നെറ്റ്‍ഫ്ലിക്സിലെ 'സേക്രഡ് ഗെയിംസ്', 'ലൈല', 'ഗൗള്‍' തുടങ്ങിയ പരമ്പരകള്‍ ചൂണ്ടിക്കാട്ടി രമേശ് സോളങ്കി എന്നയാളാണ് മുംബൈ എല്‍ ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

ആഗോളതലത്തില്‍ ഇന്ത്യയെ അപമാനിക്കാനാണ് നെറ്റ്‍ഫ്ലിക്സിലെ ഒട്ടുമിക്ക സീരീസുകളും നിര്‍മ്മിച്ചിട്ടുള്ളതെന്നും ആഴത്തില്‍ വേരൂന്നിയ ഹിന്ദു ഫോബിയയാണ് ഇതിന് കാരണമെന്നും രമേശ് സോളങ്കിയുടെ പരാതിയില്‍ പറയുന്നു. ചൂണ്ടിക്കാട്ടിയ വെബ് സീരിസുകളിലെ ഉള്ളടക്കം പരിശോധിക്കണമെന്നും നെറ്റ്‍ഫ്ലിക്സ് ലൈസന്‍സ് റദ്ദാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, മുംബൈ പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പുകള്‍ അയച്ചിട്ടുണ്ട്.