ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്‌ ചൗഹാൻ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. ഡോക്ടര്‍മാരുടെ നിർദേശത്തെ തുടർന്ന് ഏഴ് ദിവസം ശിവരാജ് സിംഗ് ചൗഹാന്‍ വീട്ടിൽ നിരീക്ഷണത്തിൽ കഴിയും. കഴിഞ്ഞ മാസം 25 നാണ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കായിരുന്നു. 

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്ര പെട്രോളിയം, സ്റ്റീൽ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം  ചികിത്സയിലുള്ളത്. 

ധർമേന്ദ്ര പ്രധാന്‍റെ ജീവനക്കാരിലൊരാൾക്ക് നേരത്തേ  കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ കൊവിഡ് ബാധിച്ച രണ്ടാമത്തെ മന്ത്രിയാണ് ധർമേന്ദ്ര പ്രധാൻ. നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പ്രാഥമിക ലക്ഷണങ്ങൾ കണ്ടതോടെയാണ് അമിത് ഷായെയും പരിശോധന വിധേയനാക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.