നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളിക്കളയണമെന്ന ദില്ലി സര്‍ക്കാരിന്‍റെ ശുപാര്‍ശ കേന്ദ്ര അഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്. 

ദില്ലി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശർമയുടെ ദയാഹർജി തള്ളണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിർഭയയുടെ മാതാപിതാക്കളുടെ കത്ത്. നീതി വൈകിക്കുവാനുള്ള പ്രതിയുടെ ശ്രമമാണ് ദയാഹര്‍ജിയെന്ന് നിർഭയയുടെ മാതാപിതാക്കൾ വ്യക്തമാക്കി. ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് പ്രതികളെ കൊലപ്പെടുത്തിയ പൊലീസ് നടപടി ചർച്ചയാകുമ്പോഴും, നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഈമാസം 16 ന് നിര്‍ഭയ കൊല്ലപ്പെട്ടിട്ട് ഏഴ് വര്‍ഷം പിന്നിടും. 

അതിനിടെ നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളിക്കളയണമെന്ന ദില്ലി സര്‍ക്കാരിന്‍റെ ശുപാര്‍ശ കേന്ദ്ര അഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി. കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചത്.