ദില്ലി: ഇന്ത്യക്കാരനെന്ന് കാട്ടിക്കൊടൂക്കൂവെന്ന് വിദ്യാര്‍ത്ഥികളോടും യുവാക്കളോടും രാഹുൽ ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരായ രാജ്ഘട്ടിലെ കോണ്‍ഗ്രസ് ധര്‍ണയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് രാഹുലിന്‍റെ ആഹ്വാനം. പ്രതിഷേധത്തിൽ കോണ്‍ഗ്രസ് സജീവമല്ലെന്ന വിമര്‍ശനത്തിനിടെ നടത്തുന്ന സമരത്തിൽ, വിദേശത്തായിരുന്ന രാഹുൽ ഗാന്ധിയും പങ്കെടുക്കും.

പ്രതിഷേധ സമരങ്ങളെ തള്ളിപ്പറഞ്ഞ പ്രധാനമന്ത്രിക്കുള്ള മറുപടി. രാജ്ഘട്ട് ധര്‍ണ്ണക്ക് ബഹുജനങ്ങളോടും  രാഹുല്‍ ഗാന്ധി പിന്തുണ തേടി . ഇന്ത്യക്കാരനെന്ന് തോന്നിയാല്‍ മാത്രം പോര. ഇതു പോലുള്ള സമയം ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കാണിക്കേണ്ടതും അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സമരവീര്യം കൂട്ടാന്‍ എല്ലാവരും രാജ്ഘട്ടിലേക്ക് എത്തണമെന്ന് പിന്നാലെ പ്രിയങ്ക ഗാന്ധിയും ആഹ്വാനം ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എവിടെയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നതിനാല്‍ പ്രതിഷേധം വൈകുകയായിരുന്നുവെന്നാണ് സൂചന. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്ഘട്ട് ധര്‍ണ്ണയില്‍ രാഹുല്‍, പ്രിയങ്ക അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. മൂന്ന് മണി മുതല്‍ രാത്രി എട്ട് മണി വരെ പ്രതിഷേധം തുടരും.

അതേസമയം, പൗരത്വ നിയമേഭേദഗതിയെ പിന്തുണച്ച്  കൊല്‍ക്കത്തയിലെ ശ്യാം ബസാറില്‍ നടക്കുന്ന പ്രചാരണ റാലിയില്‍ ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നദ്ദ പങ്കെടുക്കും. പത്ത് ദിവസത്തിനുള്ളില്‍ ആയിരം റാലികൾ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ന്യൂനപക്ഷളോടും നിയമം വിശദീകരിക്കും. പ്രധാനമന്ത്രിയുടെ രാംലീല റാലിയോടെയാണ് പൗരത്വ നിയമഭേദഗതിയെ പിന്തുണച്ചുള്ള പ്രചാരണ പരിപാടികള്‍ക്ക് ബിജെപി തുടക്കമിട്ടത്.