ജമ്മു: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതോടെ പൂജയുടെ പ്രസാദം ഡോര്‍ ഡെലിവറി ആരംഭിച്ച് ജമ്മുകശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം. തിങ്കളാഴ്ചയാണ് ക്ഷേത്രം പ്രസാദം ഡോര്‍ ഡെലിവറി ആരംഭിച്ചത്. ജമ്മു കശ്മീര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറായ മനോജ് സിന്‍ഹയാണ് ഡോര്‍ ഡെലിവറി ഉദ്ഘാടനം ചെയ്തത്. 

ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കാത്ത വിശ്വാസികള്‍ക്കാണ് ഈ സൌകര്യം ഉപയോഗപ്രദമാകുക. വിശ്വാസികള്‍ക്ക്  ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്‍റെ വെബ്സൈറ്റിലൂടെ പ്രസാദം ബുക്ക് ചെയ്യാനാവും. ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ 72 മണിക്കൂറിനുള്ളില്‍  പൂജ നടത്തി പ്രസാദം അയച്ചു നല്‍കും. സ്പീഡ് പോസ്റ്റിലൂടെയാണ് പ്രസാദം അയക്കുക. 

ഇതിനോടകം 1500 പ്രസാദ പാക്കറ്റുകള്‍ ഇതിനോടകം അയച്ചതായാണ് ക്ഷേത്ര വക്താവ് വിശദമാക്കുന്നത്.  രാജ്യത്ത് എവിടേയും പ്രസാദം എത്തിക്കുമെന്നാണ് ക്ഷേത്രം വിശദമാക്കുന്നത്. പ്രസാദം എത്തിക്കുന്നതിനായി തപാല്‍ വകുപ്പുമായി കരാറിലെത്തിയതായാണ് ക്ഷേത്രം വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രസാദം അയക്കുന്നതെന്നും ക്ഷേത്രം വ്യക്തമാക്കുന്നു. ലോക്ഡൌണിന് ശേഷം ഓഗസ്റ്റ് 16 മുതലാണ് ക്ഷേത്രം തുറന്നത്.