മലപ്പുറം: ഹാഥ്റസ് കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ മോചനമാവശ്യപ്പെട്ട് കുടുംബാഗങ്ങള്‍ സമരം തുടങ്ങി. മലപ്പുറം കളക്ടറേറ്റിന് മുന്നിലാണ് കുടുംബാഗങ്ങള്‍ ഉള്‍പ്പെട്ടവര്‍ സമരം നടത്തുന്നത്. ടി എന്‍ പ്രതാപന്‍ എംപി സമരം ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ എൻ.പി.ചേക്കുട്ടി, വി ആർ അനൂപ്, സിദ്ദീഖിൻ്റെ ഭാര്യ റഹിയാനത്ത്, മക്കൾ പങ്കെടുത്തു.

അതേസമയം, സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് ഒരു കേസ് കൂടി ചുമത്തിയിരിക്കുകയാണ്. ഹാഥ്റസില്‍ കലാപത്തിന് ശ്രമിച്ചെന്ന കേസിലാണ് സിദ്ദിഖ് കാപ്പനെ പ്രതിയാക്കിയത്. മഥുരയിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമെയാണിത്. സിദ്ദിഖ് ഹാഥ്റസില്‍ പോയതിന് ഒരു ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതിയാക്കിയത് എന്നതാണ് ശ്രദ്ധേയം. നാലാം തീയതി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെ പ്രതിയാക്കിയത്. എന്നാല്‍, അഞ്ചാം തീയതി സിദ്ദിഖ് കാപ്പൻ ഹാഥ്റസിലേക്ക് പോയത്.

ഹാഥ്റസിലേക്ക് മറ്റ് മൂന്ന് പേരുമായി യാത്രചെയ്യവെ ഈമാസം 5നാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയിലെ മാന്ദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ പിന്നീട് യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തി. ഹാഥ്റസ് കൊലപാതകത്തെ തുടര്‍ന്ന് ജാതി സ്പര്‍ദ്ധ വളര്‍ത്തി കലാപം ഉണ്ടാക്കാൻ ചിലര്‍ ശ്രമിച്ചു എന്ന കേസ് ഈ മാസം 4ന് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹാഥ്റസിലെ ചാന്ദ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത ഈ കേസിലും സിദ്ദിഖിനെയും മറ്റ് മൂന്ന് പേരെയും ഇന്നലെ വൈകീട്ട് പ്രതിചേര്‍ത്തു. പുതിയ കേസിലും രാജ്യദ്രോഹം ചുമത്തിയിട്ടുണ്ട്. 

മധുര ജയിലിലുള്ള സിദ്ദിഖ് കാപ്പനെ ഹാഥ്റസിലെ കോടതിയിൽ എത്തിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സിദ്ദിഖ് കാപ്പനെ ജയിലിലെത്തി കാണാൻ ഇന്നലെ അഭിഭാഷകനായ വിൽസ് മാത്യൂസ് അപേക്ഷ നൽകിയെങ്കിലും മധുരയിലെ സിജെഎം കോടതി ഇതിന് അനുവാദം നൽകിയില്ല. ജയില്‍ അധികൃതരെയും കോടതിയിയെയും മാറി മാറി സമീപിച്ചിട്ടും സിദ്ദിഖിനെ കാണാന് പോലും അനുവദാനം നല്‍കിയില്ലെന്ന് സിദ്ദിഖ് കാപ്പന്‍റെ അഭിഭാഷകൻ വിൽസ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിദ്ദിഖിന്റെ മോചനത്തിനായി സുപ്രീംകോടതിയെ സമീപിക്കാനാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

25 വയസ്സുള്ള അധീകൂര്‍ റഹ്മാൻ, 26 കാരായ മസൂദ് അഹമ്മദ്, അലാം എന്നിവരെയാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെന്ന പേരിൽ സിദ്ദിഖ് കാപ്പനൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ഹാഥ്റസ് കേസിൽ ഇന്നലെ വൈകീട്ടാണ് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ബലാൽസംഗ കൊലക്കൊപ്പം അനുബന്ധ വിഷയങ്ങൾകൂടി അന്വേഷിക്കാൻ എസ്ഐടിക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിരുന്നു.