ദില്ലി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സിഖ് മതവിശ്വാസികള്‍. ദില്ലിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍റെ ഓഫീസിന് മുമ്പില്‍ കരിങ്കൊടി കാണിച്ചും കോലം കത്തിച്ചുമായിരുന്നു പ്രതിഷേധം. പാക്കിസ്ഥാനില്‍ സിഖ് പുരോഹിതന്‍റെ മകളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് സിഖ്  മതവിശ്വാസികള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്. 

പാക്കിസ്ഥാനില്‍ താമസിക്കുന്ന സിഖ് മതക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന് മുമ്പില്‍ നിവേദനം സമര്‍പ്പിക്കാനെത്തിയ സിഖ് മതവിശ്വാസികളെ തടഞ്ഞതോടെയാണ് ഇവര്‍ ഓഫീസിന് പരിസരത്ത് പ്രതിഷേധം ശക്തമാക്കിയത്. പിന്നീട് പൊലീസിനെ നിയോഗിച്ച് പ്രതിഷേധക്കാരെ നിയന്ത്രിക്കുകയായിരുന്നു. 

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് പാക്കിസ്ഥാനില്‍ സിഖ് മതവിശ്വാസികളായ രണ്ട് പെണ്‍കുട്ടികളെ  തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിപ്പിച്ച് മതംമാറ്റി വിവാഹം കഴിപ്പിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ വക്താവ് അപലപിച്ചിരുന്നു.