തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) മന്ത്രിസഭാ വികസനത്തിൽ ദളിത് വിഭാഗത്തിന് ചരിത്രപരമായ പ്രാധാന്യം നൽകുന്നതിനൊപ്പം മുന്നാക്ക ഹൈന്ദവരെയും ചേർത്തുപിടിക്കാൻ വിജയ് ശ്രമിക്കുന്നു. ദളിത്, ബ്രാഹ്മണ, മുസ്ലീം വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുന്ന ഈ നീക്കം, യുപിയിൽ മായാവതി പയറ്റിയ രാഷ്ട്രീയ തന്ത്രത്തിന്‍റെ ദ്രാവിഡ പതിപ്പായി വിലയിരുത്തപ്പെടുന്നു.

ചെന്നൈ: തമിഴ്നാട്ടിലെ മന്ത്രിസഭാ വികസനത്തിൽ തെളിയുന്നത് വിജയ് യുടെ ദീർഘകാല പദ്ധതികൾ. ദളിത് വിഭാഗത്തിന് ചരിത്രപരമായ പ്രാധാന്യം നൽകുമ്പോഴും മുന്നാക്ക ഹൈന്ദവരെയും ചേർത്തുപിടിക്കാനാണ് ടിവികെയുടെ ശ്രമം. ബ്രാഹ്മണ മന്ത്രിമാരുടെ പ്രാതിനിധ്യം, യുപിയിൽ മായാവതി പയറ്റിയ തന്ത്രങ്ങൾക്ക് സമാനമാണ്

Add Asianetnews as a Preferred SourcegooglePreferred

വിജയ് യുടെ നേതൃത്വത്തിൽ സമ്പൂർണ മന്ത്രിസഭ നിലവിൽ വന്നപ്പോൾ ദളിത് മന്ത്രിമാരുടെ എണ്ണം എട്ട്. ദളിത് വിഭാഗത്തിന്‍റെ ചരിത്രപരമായ പ്രാതിനിധ്യം കയ്യടി നേടുന്നതിനിടെയിലും ബ്രാഹ്മണ സമുദായത്തിന് ലഭിച്ച പരിഗണനയുമുണ്ട് ചർച്ചകളിൽ. ജനസംഖ്യയിൽ മൂന്ന് ശതമാനത്തിൽ താഴെയുള്ള ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് 1952ന് ശേഷം ആദ്യമായി രണ്ട് പേരാണ് മന്ത്രിസഭയിലെത്തിയത്. മൈലാപ്പൂർ എംഎൽഎയും ടിവികെ ട്രഷറററുമായ പി വെങ്കട്ടരമണൻ വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തപ്പോൾ, പാർട്ടിയുടെ തീപ്പൊരി പ്രസംഗകനും 31കാരനുമായ ശ്രീരംഗം എംൽഎ രമേശ് രണ്ടാം ഘട്ടത്തിൽ ദേവസ്വം വകുപ്പ് മന്ത്രിയായി. ഡിഎംകെ, അണ്ണാ ഡിഎംകെ , ബിജെപി പാർട്ടികൾ ബ്രാഹ്മണ വിഭാഗക്കാരെ സ്ഥാനാർത്ഥികളാക്കാൻ മടിച്ചപ്പോഴാണ് വിജയ് യുടെ ഈ ശ്രദ്ധേയ നീക്കം.

ദളിത് വോട്ടുബാങ്ക് ഉറപ്പിച്ചതിനൊപ്പം , ബ്രാഹ്മണ പിന്തുണയും നേടി യുപി ഭരിച്ച മായാവതിയുടെ തന്ത്രങ്ങളുടെ ദ്രാവിഡ പതിപ്പ് കൂടിയാണ് വിജയിൽ കാണുന്നത്. ദളിത് , ക്രിസ്ത്യൻ വോട്ടുകൾ നഷ്ടമായത് കൊളത്തൂരിൽ എം കെ സ്റ്റാലിന്‍റെ തോൽവിയിലേക്ക് നയിച്ചതായി ഡിഎംകെ നേതാക്കൾ വിലയിരുത്തിയിരുന്നു. മുസ്ലീം വിഭാഗത്തിൽ നിന്ന് രണ്ട് മന്ത്രിമാർ കൂടി ക്യാബിനറ്റിൽ എത്തിയതോടെ ഡിഎംകെയുടെ ന്യൂനപക്ഷ വോട്ടുബാങ്കിലേക്ക് കൂടുതൽ കടന്നു കയറാനാകുമെന്നാണ് ടിവികെയുടെ കണക്കുകൂട്ടൽ.

YouTube video player