Asianet News MalayalamAsianet News Malayalam

എസ് പി ബിയുടെ നില ഇപ്പോഴും ഗുരുതരം, വെല്ലുവിളി പ്രമേഹം, പ്രാർത്ഥനയോടെ സംഗീതലോകം

കൊവിഡ് രോഗബാധ കണ്ടെത്തിയ ശേഷം വീട്ടിൽത്തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിലെത്തിച്ചത്.

singer sp balasubrahmanyam critical
Author
Chennai, First Published Aug 17, 2020, 9:19 PM IST

ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില ഗുരുതരമായിത്തന്നെ തുടരുന്നുവെന്ന് ഡോക്ടർമാർ. ശ്വസനസഹായിയുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോഴും ശ്വസിക്കുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു. പ്രമേഹസംബന്ധമായ അസുഖങ്ങളുള്ളതാണ് ആരോഗ്യനില മോശമാക്കുന്നത്.

കൊവിഡ് രോഗബാധ കണ്ടെത്തിയ ശേഷം വീട്ടിൽത്തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് ആരോഗ്യനില വഷളായതോടെയാണ് ഓഗസ്റ്റ് 5-ന് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ അദ്ദേഹത്തിന്‍റെ നില വഷളാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

തിങ്കളാഴ്ച രാവിലെ നടൻ രജനീകാന്ത് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും, അപകടനില തരണം ചെയ്തു എന്നറിഞ്ഞതിൽ സന്തോഷമെന്നും വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. എസ്പിബിയുടെ മകൻ തന്നെ, അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും, കുറച്ചുകൂടി എളുപ്പത്തിൽ ശ്വാസമെടുക്കുന്നുവെന്നും വ്യക്തമാക്കി.

എ ആർ റഹ്മാൻ, ഇളയരാജ, ധനുഷ്, ഖുഷ്ബു എന്നിങ്ങനെ നിരവധിപ്പേർ വികാരനിർഭരമായ കുറിപ്പുകളും സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഓഗസ്റ്റ് 5-ന് ആശുപത്രിയിലേക്ക് മാറ്റുമ്പോൾ താൻ നന്നായിരിക്കുന്നുവെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ആരാധകരോട് പറയുകയും ചെയ്തിരുന്നു. 

ആറ് ദേശീയ അവാർഡുകളടക്കം നേടി സംഗീതാരാധകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. സംഗീതം ഗുരുമുഖത്ത് നിന്ന് പഠിച്ചിട്ടില്ലെങ്കിലും പാടാൻ ജനിച്ചയാളാണ് എസ് പി ബിയെന്ന് ഉറപ്പായിരുന്നു. 16 ഭാഷകളിലായി അദ്ദേഹം പാടിയത് നാൽപ്പതിനായിരം ഗാനങ്ങളാണ്. സംഗീതത്തിന് പുറമേ, അദ്ദേഹം അഭിനയിച്ചു, സിനിമകൾ നിർമിച്ചു, നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തു. രാജ്യം പദ്മശ്രീയും പദ്മഭൂഷണും നൽകി ആദരിച്ച ആ സുന്ദരശബ്ദത്തിനുടമയ്ക്കായി പ്രാർഥിക്കുകയാണ് കലാലോകം. എത്രയും പെട്ടെന്ന് അദ്ദേഹം അസുഖങ്ങളെല്ലാം ഭേദമായി തിരികെ വരട്ടെ. 

Follow Us:
Download App:
  • android
  • ios