ദില്ലി: ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാനായി അച്ഛനെ മകന്‍ പോളിംഗ് ദിനത്തില്‍ മുറിയിലിട്ട് പൂട്ടി. വോട്ടെടുപ്പ് പൂര്‍ത്തിയായി ഫലത്തിനായി കാത്തിരിപ്പ് തുടരുന്ന ദില്ലിയിലാണ് സംഭവം. ദില്ലിയിലെ മുനിര്‍കയിലാണ് ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ അച്ഛനെ മകന്‍ പൂട്ടിയിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അച്ഛന്‍ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് വിശ്വസിച്ചിരുന്ന ഏകദേശം 20 വയസുള്ള മകന്‍ അത് തടയുകയായിരുന്നു. ദില്ലിയിലെ പാലം ഏരിയയിലുള്ള തന്‍റെ സുഹൃത്ത് ചെയ്തതില്‍ നിന്ന് പ്രചോദനം ലഭിച്ചിട്ടാണ് അച്ഛനെ പൂട്ടിയിട്ടതെന്ന് മകന്‍ പറഞ്ഞതായി ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, രാജ്യം മുഴുവന്‍ ദില്ലിയിലെ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ദില്ലിയിൽ ആകെ വോട്ടർമാരിൽ 62.59 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. സ്ത്രീകളിൽ 62.55 ശതമാനം പേരും പുരുഷന്മാരിൽ 62.62 ശതമാനം പേരും വോട്ട് ചെയ്തു. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് ബല്ലിമാരൻ മണ്ഡലത്തിലാണ്. 71.6 ശതമാനം പേർ ഇവിടെ വോട്ട് രേഖപ്പെടുത്താനെത്തി.

ഷഹീൻ ബാഗ് ഉൾപ്പെടുന്ന ഒഖ്ല മണ്ഡലത്തിൽ 58.84 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ദില്ലിയിലെ കന്റോൺമെന്റ് മണ്ഡലത്തിലാണ്. ഇവിടെ 45.4 ശതമാനമാണ് പോളിംഗ്. വോട്ടെടുപ്പിന് ശേഷം പുറത്ത് വന്ന ഏക്സിറ്റ് പോളുകള്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്.