ദില്ലി:രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി തള്ളി. കര്‍ണ്ണാടകത്തിന് പിന്നാലെ ഗോവയിലുമുണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയെ  സമീപിച്ചത്. 

ഒരിക്കല്‍ പാര്‍ട്ടി അധ്യക്ഷയായ താന്‍ ഇടക്കാലത്തേക്കാണെങ്കിലും ആ സ്ഥാനത്തേക്കില്ലെന്ന് സോണിയ അറിയിച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തണമെന്ന നേതാക്കളുടെ ആവശ്യവും സോണിയ തള്ളി. കര്‍ണ്ണാടക ഗോവ പ്രതിസന്ധി രൂക്ഷമായതോടെ അധ്യക്ഷ പദവിയിലേക്കുള്ള ചര്‍ച്ചകളും മുന്നോട്ട് പോകുന്നില്ല. 

ബിജെപിക്കെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധം നടത്തിയതൊഴിച്ചാല്‍ ഇപ്പോഴത്തെ വിഷമവൃത്തത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള ഒരു വഴിയും കോണ്‍ഗ്രസിന് മുന്നിലില്ല. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പോലും നേതാക്കള്‍ ഒത്തുകൂടുന്നില്ല. നയിക്കാനാളില്ലാത്ത പാര്‍ട്ടിയില്‍ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നു. കര്‍ണ്ണാടകത്തിലും,ഗോവയിലുമുണ്ടായ തിരിച്ചടി കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചേക്കുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.