ദില്ലി: സംസ്കൃതം ദിവസവും ഉപയോഗിച്ചാല്‍ പ്രമേഹവും കൊളസ്ട്രോളും അകറ്റിനിര്‍ത്താം എന്ന് ബിജെപി എംപി ഗണേഷ് സിംഗ്. ഇത് അമേരിക്കയില്‍ നടന്ന ഗവേഷണത്തില്‍ തെളിയിക്കപ്പെട്ടതാണെന്നും ബിജെപി എംപി സൂചിപ്പിച്ചു. പാര്‍ലമെന്‍റില്‍ സാംസ്കൃത യൂണിവേഴ്സിറ്റി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ബിജെപി എംപി. 

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ കണ്ടെത്തല്‍ പ്രകാരം അവരുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ചെയ്തിരിക്കുന്നത് സംസ്കൃതത്തിലാണ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ സംസ്കൃതം ഉപയോഗിച്ചാല്‍ അത് പിഴവില്ലാത്തതാകും ഗണേഷ് സിംഗ് അവകാശപ്പെട്ടു. ലോകത്തിലെ 97 ശതമാനം ഭാഷകളും ഉണ്ടായത് സംസ്കൃതത്തില്‍ നിന്നാണ് എന്നും ബിജെപി എംപി അവകാശപ്പെട്ടു.

കേന്ദ്രമന്ത്രി പ്രദീപ് സിംഗ് സാരംഗിയും ചടങ്ങില്‍ സംസാരിച്ചു. സംസ്കൃതത്തില്‍ സംസാരിച്ച സാരംഗി സംസ്കൃതം ഒരു വാക്യത്തില്‍ തന്നെ വിവിധ അര്‍ത്ഥങ്ങള്‍ പ്രയോഗിക്കാവുന്ന ഭാഷയാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇംഗ്ലീഷിലെ ബ്രദര്‍, കൗ എന്നീ വാക്കുകള്‍ ഉണ്ടായത് സംസ്കൃതത്തില്‍ നിന്നാണ് എന്നും ഇദ്ദേഹം അവകാശപ്പെട്ടു.

സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുക എന്നത് മറ്റൊരു ഭാഷയ്ക്കും വെല്ലുവിളിയല്ലെന്നും കേന്ദ്രമന്ത്രി പ്രദീപ് സിംഗ് സാരംഗി ചടങ്ങില്‍ പ്രസ്താവിച്ചു.