Asianet News MalayalamAsianet News Malayalam

മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ജെഎന്‍യു സന്ദര്‍ശിക്കും

ക്യാംപസിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയും സുരക്ഷാവീഴ്ച്ചയെക്കുറിച്ചുള്ള കാര്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരോട് ആരായുകയും ചെയ്യും

specail team appointed by HRM will visit JNU campus today
Author
JNU Campus Road, First Published Jan 8, 2020, 7:18 AM IST

ദില്ലി: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ജെഎൻയു ക്യാംപസില്‍ സന്ദർശനം നടത്തും. ക്യാംപസിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് സമിതിയുടെ സന്ദർശനം. വിസി ഡോ. ജഗദീഷ് കുമാറുമായി സമിതി കൂടിക്കാഴ്ച്ച നടത്തും. ക്യാംപസിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയും സുരക്ഷാവീഴ്ച്ചയെക്കുറിച്ചുള്ള കാര്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരോട് ആരായുകയും ചെയ്യും. എന്നാൽ ക്യാംപസിലെ വിദ്യാർത്ഥികളുമായി സമിതി സംസാരിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. 

കഴിഞ്ഞ ദിവസം ക്യാംപസിൽ നടന്ന അക്രമങ്ങളിൽ വിസിക്കെതിരെ കടുത്ത വിമർശനം സമിതി ഉന്നയിച്ചിരുന്നു. കൂടാതെ ജെഎൻയു സംഘർഷത്തെ കുറിച്ച് പഠിക്കാൻ കോൺഗ്രസ് നിശ്ചയിച്ച വസ്തുത അന്വേഷണ സമിതിയും ഇന്ന് ക്യാംപസ് സന്ദർശിക്കും. ഹൈബി ഈഡൻ എംപി ഉൾപ്പടെയുള്ളവരുടെ സംഘമാണ് ക്യാംപസിലെത്തുക. വിദ്യാർത്ഥികളുമായി സമിതി കൂടിക്കാഴ്ച്ച നടത്തും. 

സംഘർഷത്തിൽ തകർന്ന സബർമതി ഹോസ്റ്റലും സന്ദർശിക്കും. അതേ സമയം ക്യാംപസിൽ ഇന്നും പ്രതിഷേധം തുടരാനാണ് ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ തീരുമാനം. ഇന്നലെ രാത്രി വനിത വിദ്യാർത്ഥികൾ ക്യാംപസിനുള്ളിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വൈകുന്നേരം പൂർവ്വ വിദ്യാർത്ഥികളായിരുന്ന പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള ഇടത് നേതാക്കളുടെ സംഘം ക്യാംപസിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ ഇത് പൊലീസ് തടഞ്ഞു. പിന്നീട് ഇവരെ കടത്തി വിടുകയും വിദ്യാർത്ഥികളെ അഭിസംബോധനം ചെയ്യുകയും ചെയ്തു. ബോളിവുഡ് നടി ദീപിക പദുക്കോണും ക്യാംപസിൽ എത്തിയിരുന്നു. ക്യാംപസിന് ചുറ്റും കനത്ത സുരക്ഷയാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്

Follow Us:
Download App:
  • android
  • ios