Asianet News MalayalamAsianet News Malayalam

Lakhimpur Kheri Violence : കരുതി കൂട്ടിയുള്ള കൊലപാതകമെന്ന് കുറ്റപത്രം; മന്ത്രിയുടെ ബന്ധുവും പ്രതിപ്പട്ടികയിൽ

കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് മുഖ്യ പ്രതി. പ്രതിപട്ടികയിൽ മന്ത്രിയുടെ ബന്ധു വീരേന്ദ്ര ശുക്ലയും ഉൾപ്പെട്ടിട്ടുണ്ട്. 

special investigation team filed charge sheet in the lakhimpur kheri violence case
Author
Delhi, First Published Jan 3, 2022, 2:51 PM IST

ദില്ലി: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ (Ajay Mishra)  മകന്‍ ആശിഷ് മിശ്രയെ (Asish Mishra)  മുഖ്യപ്രതിയാക്കി ലഖിംപൂര്‍ ഖേരി കേസില്‍ (Lakhimpur Kheri Violence)  പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.  കരുതികൂട്ടിയുള്ള കൊലപാതമാണ് നടന്നതെന്ന് അയ്യായിരം പേജുള്ള കുറ്റപത്രത്തില്‍  അന്വേഷണ സംഘം വ്യക്തമാക്കുന്നു. 

ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം നടന്ന് കൃത്യം തൊണ്ണൂറാം ദിവസമാണ് പ്രത്യേക  അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതിയാകുമ്പോള്‍ മന്ത്രിയുടെ ബന്ധുവും വിശ്വസ്തനുമായ വീരേന്ദര്‍ ശുക്ലയും, മുന്‍ കോണ്‍ഗ്രസ് എംപി  അഖിലേഷ് ദാസിന്‍റെ ബന്ധു അങ്കിത് ദാസും  പ്രതിപട്ടികയിലുണ്ട്. കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനല്‍ ഗൂഡാലോചനയടക്കം ഗുരുതരമായ വകുപ്പുകളാണ് ആശിഷ് മിശ്രക്കും മറ്റ് 13 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.  തെളിവ് നശിപ്പിച്ചുവെന്നാണ് വീരേന്ദ്ര ശുക്ലക്കെതിരായ കുറ്റം. 

സംഭവം നടക്കുമ്പോള്‍ ആശിഷ് മിശ്ര സ്ഥലത്തുണ്ടായിരുന്നു. അബദ്ധത്തില്‍ വാഹനങ്ങള്‍ കര്‍ഷകരെ ഇടിക്കുകയല്ലായിരുന്നുവെന്നും ആസൂത്രിതമായ നീക്കമായിരുന്നുവെന്നും കുറ്റപത്രം പറയുന്നു.  കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയതിനൊപ്പം   വെടിവെച്ചെന്നും കുറ്റപത്രത്തിലുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടന്ന കര്‍ഷക പ്രക്ഷോഭവും കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരെ കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തിയതുമാണ് പ്രകോപന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. 

നിര്‍ണ്ണായക തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയ അന്വേഷണസംഘം 208 സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ  വാഹനം പ്രതികള്‍ ഉപയോഗിച്ചതായി കണ്ടെത്തെയെങ്കിലും മന്ത്രിക്കെതിരെ  കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. അതേ സമയം കുറ്റപത്രം കൂടി നല്‍കിയതോടെ  മന്ത്രിയുടെ രാജി  ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയും കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്.  

അതേസമയം, പ്രധാനമന്ത്രി സംരക്ഷിക്കുന്നതുകൊണ്ടാണ് കേന്ദ്ര മന്ത്രി അജയ് മിശ്ര അന്വേഷണ പരിധിയിൽ വരാത്തതെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വേട്ടക്കാരനൊപ്പമാണ് പ്രധാനമന്ത്രി. നരേന്ദ്രമോദിയുടെ കർഷക പ്രേമം കാപട്യമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Follow Us:
Download App:
  • android
  • ios