ബെംഗളൂരു: മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടികൂടിയ പ്രതി മുഹമ്മദ് അനൂപിൻ്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തു വന്നു. 2013-ൽ ബെംഗളൂരുവിലെ വിദ്യാർത്ഥികൾക്കിടയിൽ എം.ഡി.എം.എ എന്ന മയക്കുമരുന്ന് വിറ്റാണ് ലഹരിക്കച്ചവടത്തിലേക്ക് താൻ കടന്നതെന്നും ലഹരിമരുന്ന് കച്ചവടത്തിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് 2015-ലാണ് ഹയാത് അറ്റ് ആഗ്നസ് ആർക്കേഡ് എന്ന സ്ഥാപനം ബിനീഷ് കോടിയേരിയുടെ സഹായത്തോടെ ആരംഭിച്ചതെന്നും അനൂപിൻ്റെ മൊഴിയിൽ പറയുന്നു. 

2018-ൽ സ്ഥാപനം നഷ്ടത്തിലായപ്പോൾ കേരളത്തിലെ താൽ കിച്ചൻ ഹോട്ടൽ ശൃംഖല 60:40 ലാഭം പങ്കിടൽ വ്യവസ്ഥയിൽ ലീസിന് നൽകി. പിന്നാലെ  2020 ഫെബ്രുവരിയിൽ കല്യാൺ നഗറിൽ റോയൽ സ്യുട്ട് ലീസിന് വാങ്ങി പ്രവർത്തനം തുടങ്ങി. എന്നാൽ അപ്രതീക്ഷിതമായി വന്ന  കൊവിഡും ലോക്ക് ഡൗണും കാരണം നഷ്ടം കൂടിയതിനാൽ വീണ്ടും മയക്ക് മരുന്ന് കച്ചവടത്തിനിറങ്ങി.

2015-ന് മുതൽ തനിക്ക് റിജേഷിനറിയാം. ഇയാൾക്കൊപ്പമാണ് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങാൻ തീരുമാനിച്ചത്. ​ഗോവയിൽ വച്ചു നടന്ന ഒരു മ്യൂസിക് പാ‍ർട്ടിയിൽ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. നഷ്ടം കാരണം പൂട്ടിപ്പോയ പഴയ റെസ്റ്റോറന്റിന്റെ അടുക്കള ഉപകരണങ്ങൾ വിറ്റാണ് എംഡിഎംഎ വാങ്ങാനുള്ള പണം സമ്പാദിച്ചത്. 

കണ്ണൂർ സ്വദേശിയായ ജിംറീൻ ആഷി വഴിയാണ് അനിഖയെ കുറിച്ചറിഞ്ഞത്. ജിംറിൻ്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി അനിഖയെ വാട്സാപ്പിലൂടെ പരിചയപ്പെട്ടു. പിന്നീട് ടെലി​ഗ്രാം ആപ്പ് വഴി ഇടപാട് നടത്തി. 250 ലഹരി മരുന്ന് ​ഗുളികകൾ വാങ്ങാൻ ധാരണയായി. ഒരു ഗുളികയ്ക്ക് 500 രൂപ നിരക്കിൽ വാങ്ങാൻ തീരുമാനിച്ചു കച്ചവടം ഉറപ്പിച്ചു. 1,37,500 രൂപ കോത്തന്നൂരിലെ കഫെയിൽ വച്ച് അനിഖയ്ക്ക് നൽകി. 

തുട‍ർന്ന് ഈ ​ഗുളികകൾ  റോയൽ സ്യുട്ടിൽ എത്തിച്ചു നൽകി. ഈ ​ഗുളികകൾ പിന്നീട് 2,20,500 രൂപക്ക് വിറ്റു , ഈ പണമാണ് നാ‍‍ർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പിടിച്ചെടുത്തത്. കോവിഡ് കാരണം വലിയ നഷ്ടം വന്നപ്പോൾ എളുപ്പത്തിൽ പണമുണ്ടാക്കാനാണ് എംഡിഎംഎ വില്പനയിലേക്ക് വന്നതെന്നും  മുഹമ്മദ് അനൂപ് പറയുന്നു.  സുഹൃത്തുക്കളുടെ ചിത്രങ്ങളും, ടെലി​ഗ്രാമിലൂടേയും വാട്സാപ്പിലൂടേയും കച്ചവടം ഉറപ്പിച്ചതിന്റെ സ്‌ക്രീൻ ഷോട്ടുകളും ഇയാൾ അന്വേഷണ ഉദ്യോ​ഗസ്ഥ‍ർ മുൻപാകെ ഹാജരാക്കി.