ദില്ലി: പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രക്ഷോഭം രാജ്യത്ത് തുടരുമ്പോള്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും അതില്‍ വരുത്തിയ മാറ്റങ്ങളും കൂടി ശ്രദ്ധേയമാക്കുകയാണ്. കുടിയേറ്റക്കാര്‍ക്കായി അസമില്‍ ഒരുക്കിയ തടങ്കല്‍ കേന്ദ്രങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭ്യന്തരമന്ത്രി അമിത് ഷായും വ്യത്യസ്തമായി അഭിപ്രായം പറഞ്ഞതും ചര്‍ച്ചയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പല ഘട്ടങ്ങളിലായി ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വ ബില്ലിനെക്കുറിച്ച് നടത്തിയ പ്രസ്താവനകള്‍ പരിശോധിക്കുകയാണ് ഇവിടെ. 

2019 ഏപ്രിൽ 11 

“രാജ്യമൊട്ടാകെ പൗരത്വ പട്ടിക ഞങ്ങൾ നടപ്പാക്കും. ബുദ്ധരും, ഹിന്ദുക്കളും, സിഖുകളും ഒഴികെയുള്ള ഓരോ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയിൽ നിന്ന് തിരഞ്ഞുപിടിച്ച് പുറത്താക്കും” - ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പശ്ചിമ ബംഗാളിലെ റായിഗഞ്ചിൽ ബിജെപി റാലിയിൽ അമിത് ഷാ പറഞ്ഞത്. 

2019 ഏപ്രിൽ 23

“ ആദ്യം പൗരത്വ ഭേദഗതി ബിൽ വരും, അസമിലും ബംഗാളിലും മാത്രമല്ല, രാജ്യമൊട്ടാകെ പൗരത്വ പട്ടിക നടപ്പാക്കും”

ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്പ്ലോഡ് ചെയ്ത വീഡിയോയിൽ അമിത് ഷാ പൗരത്വ പട്ടികയുടെ നാൾവഴി വിശദീകരിക്കുന്നു

2019 മേയ് 1

“ബംഗാളിൽ 30 സീറ്റിലെങ്കിലും ബിജെപിയെ വിജയിപ്പിച്ചാൽ കശ്മീരിന്‍റെ പ്രത്യേക പദവി ഉറപ്പാക്കുന്ന 370ആം അനുച്ഛേദം റദ്ദാക്കും, ചിതലുകളായ നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കാൻ പൗരത്വ പട്ടിക കൊണ്ടുവരാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. അർഹരായ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ ആദ്യം പൗരത്വ ഭേദഗതി നിയമം കൊണ്ടുവരും, പിന്നെ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ പൗരത്വ പട്ടിക കൊണ്ടുവരും”

പശ്ചിമ ബംഗാളിലെ ബൊനാഗണ്‍ മണ്ഡലത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷായുടെ പ്രസംഗം

പിന്നീട് ഇതേ കാര്യം അമിത് ഷാ ട്വീറ്റ് ചെയ്യുകയും ചെയ്തു

2019 നവംബർ 20

“അസമിൽ പൗരത്വ പട്ടിക നടപ്പാക്കിയത് സുപ്രീം കോടതി നിർദേശപ്രകാരമാണ്. രാജ്യമൊട്ടാകെ പൗരത്വ പട്ടിക നടപ്പാക്കുമെന്നത് ഒരു പ്രക്രീയ മാത്രമാണ്, ഒരു മത വിഭാഗത്തിനും ആശങ്ക വേണ്ട ” - ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ പ്രസ്താവന

2019 ഡിസംബർ 2

“2024നകം ദേശീയ പൗരത്വ പട്ടിക നടപ്പാക്കും, നുഴഞ്ഞുകയറ്റക്കാരെയെല്ലാം തിരഞ്ഞുപിടിച്ച് പുറത്താക്കിയിരിക്കും 

ബിജെപി ഝാർഖണ്ട് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അമിത് ഷായുടെ പ്രസ്താവന 

2019 ഡിസംബർ 9 

“ പൗരത്വ പട്ടിക ഉണ്ടാവും, ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളതാണ്, എൻആർസി നടപ്പാക്കിക്കഴിഞ്ഞാൽ പിന്നെ നുഴഞ്ഞുകയറ്റക്കാരാരും രാജ്യത്ത് അവശേഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും” 

പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ പാസ്സായതിന് ശേഷം അർധരാത്രിയിൽ അമിത് ഷായുടെ പ്രസ്താവന, 

2019 ഡിസംബർ 21

പൗരത്വ പട്ടിക രാജ്യമൊട്ടാകെ എങ്ങനെ നടപ്പാക്കണമെന്നുള്ള നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

2019 ഡിസംബർ 22

“ എൻആർസിയെക്കുറിച്ച് പാർലമെന്‍റിൽ ഒരു ചർച്ചയും ചെയ്തിട്ടില്ല, അസമിൽ നടപ്പാക്കിയത് സുപ്രീം കോടതി നിർദേശിച്ചതു കൊണ്ട് മാത്രമാണ്” -  ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപി പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ട് രാംലീല മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ നിന്നും...

2019 ഡിസംബർ 23

“പ്രധാനമന്ത്രി മോദി പറഞ്ഞതാണ് ശരി, ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് ക്യാബിനെറ്റിലോ പാർലമെന്‍റിലോ ഒരു ചർച്ചയും നടന്നിട്ടില്ല” - എഎൻഐക്കു നൽകിയ അഭിമുഖത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ