ദില്ലി: അയോധ്യ കേസിൽ ചരിത്രപരമായ വാദം സുപ്രീംകോടതിയിൽ അവസാനിച്ചത് ഒത്തുതീർപ്പിനുള്ള സാധ്യത അടയാതെ. മഥുര,കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകൾ ഉപേക്ഷിച്ചാൽ തർക്കഭൂമി വിട്ടു നൽകാം എന്ന് സുന്നി വഖഫ് ബോർഡ് സത്യവാങ്മൂലം നല്കി. ആവശ്യമെങ്കിൽ കോടതി വിധിയിൽ ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്താമെന്നും ഇതിനു തടസ്സമില്ലെന്നും നിയമവിദഗ്ധർ പറയുന്നു.

അയോധ്യയിൽ വാദം അവസാനദിനത്തിലേക്ക് നീണ്ടപ്പോൾ സുന്നി വഖഫ് ബോർഡ് ഹർജി പിൻവലിക്കുന്നു എന്ന അഭ്യൂഹം രാവിലെ ശക്തമായിരുന്നു. എന്നാൽ അതുണ്ടായില്ല. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി അതേസമയം സുപ്രീം കോടതിക്ക് റിപ്പോർട്ട് കൈമാറി. ഒത്തുതീർപ്പിന്റെ എല്ലാ സാധ്യതകളും തള്ളാതെയാണ് ഈ റിപ്പോർട്ടെന്ന് ഒരു ഓൺലൈൻ മാധ്യമം പിന്നീട് റിപ്പോർട്ട് ചെയ്തു. 

അയോധ്യയിൽ മറ്റൊരു പള്ളി നിർമ്മിച്ചു നൽകുക അയോധ്യയിൽ തന്നെ 22 പള്ളികൾ പുതുക്കി നിർമ്മിക്കുക, കാശിയും മധുരയും ഉൾപ്പടെ മറ്റെല്ലാ സ്ഥലങ്ങളിലേയും പള്ളികൾക്ക് മേലുള്ള അവകാശവാദം ഹിന്ദുസംഘടനകൾ ഉപേക്ഷിക്കുക. പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള പള്ളികളിൽ പ്രാർത്ഥനയ്ക്കുള്ള സൗകര്യം ഒരുക്കുക. ഈ ഉപാധികൾ അംഗീകരിച്ചാൽ തർക്കഭൂമിയിലെ ക്ഷേത്രനിർമ്മാണത്തിന് ഭൂമി വിട്ടു നൽകാൻ വഖഫ് ബോർഡ് തയ്യാറാണെന്നാണ് റിപ്പോർട്ട്. അയോധ്യ തർക്കത്തിൽ കക്ഷികളായ ചില ഹിന്ദു സംഘടനകൾ ഇതിനോട് യോജിക്കാൻ തയ്യാറായെങ്കിലും വിശ്വഹിന്ദു പരിഷത്ത് പിന്തുണയുള്ള രാമജന്മഭൂമി ന്യാസ് ഉപാധികൾ അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. 

ബുധനാഴ്ച വിചാരണ പൂർത്തിയായ അയോധ്യ കേസിൽ ഒരു മാസത്തിനു ശേഷമാകും സുപ്രീം കോടതി വിധി പറയുക. മധ്യസ്ഥ സമിതി നൽകുന്ന റിപ്പോർട്ട് കോടതി എങ്ങനെ കണക്കിലെടുക്കും എന്നതാണ് ഇനി അറിയേണ്ടത്. ഈ ഒത്തുതീർപ്പ് നിർദ്ദേശം വിധിയിൽ ഉൾപ്പെടുത്താൻ കോടതിക്ക് തടസ്സമില്ലെന്ന് നിയമവിദഗ്ധർ പറയുന്നു.

കോടതി ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരവിട്ടാൽ കക്ഷികളായ സംഘടനകൾ അനുസരിക്കേണ്ടി വരും. അയോധ്യ കേസിലെ മധ്യസ്ഥ ചർച്ചകൾ സാഹോദര്യത്തിൻറെ അന്തരീക്ഷത്തിൽ നടന്നെന്ന‌ാണ് സമിതി അംഗം ശ്രീശ്രീ രവിശങ്കർ വ്യക്തമാക്കിയത്. ഒത്തുതീർപ്പിന്റെ പാതയോ അതോ ഭൂമിയുടെ ഉടമ ആരാണെന്ന തീർപ്പോ ? അന്തിമ വിധിയിൽ സുപ്രീകോടതി കാത്തുവയ്ക്കുന്നത് എന്തായിരിക്കും എന്നറിയാൻ കൂടിയാണ് ഇനിയുള്ള കാത്തിരിപ്പ്.