പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച് ചികിത്സ നടത്തുമ്പോഴും മൂക്കില്‍ ട്യൂബും ഘടിപ്പിച്ച് പൊതുവേദികളില്‍ എത്തിയ പരീക്കര്‍ മറയില്ലാത്ത രാഷ്ട്രീയക്കാരനെന്ന നിലയിലും ജനങ്ങളുടെ പ്രിയങ്കരനായി

പനജി: ദേശീയ രാഷ്ട്രീയത്തേക്കാള്‍ തന്‍റെ സംസ്ഥാനത്തെ ഇഷ്ടപ്പെട്ട പരീക്കര്‍, പ്രധാനമന്ത്രിയുടെ വിശ്വസ്തനായ പരീക്കര്‍, സൗമ്യനായ പരീക്കര്‍ എന്നിങ്ങനെ ഒരുപിടി വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയില്‍ മൂന്ന് വട്ടം മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍.

പ്രതിപക്ഷം പോലും ആദരവോടെ നോക്കിക്കണ്ടതും പെരുമാറിയതുമായ ചുരുക്കം ചില നേതാക്കളില്‍ ഒരുവനായിരുന്നു പരീക്കര്‍. അവസാന ശ്വാസം വരെ തന്‍റെ സംസ്ഥാനത്തിന് വേണ്ടി നിലകൊണ്ട അദ്ദേഹം ലളിതമായ തന്‍റെ ജീവതരീതി കൊണ്ടാണ് ശ്രദ്ധേയനായത്.

പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച് ചികിത്സ നടത്തുമ്പോഴും മൂക്കില്‍ ട്യൂബും ഘടിപ്പിച്ച് പൊതുവേദികളില്‍ എത്തിയ പരീക്കര്‍ മറയില്ലാത്ത രാഷ്ട്രീയക്കാരനെന്ന നിലയിലും ജനങ്ങളുടെ പ്രിയങ്കരനായി. സ്കൂട്ടറില്‍ സാധാരണക്കാരനായി നടത്തിയ യാത്രകളിലൂടെ തന്‍റെ ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഒരു മടിയും കൂടാതെ പരീക്കര്‍ ഇറങ്ങി ചെന്നു.

ആർഎസ്എസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ പരീക്കര്‍ 1994ൽ ആദ്യമായി ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഐഐടി പശ്ചാത്തലമുള്ള രാജ്യത്തെ ആദ്യ എംഎൽഎ ആയിരുന്നു അദ്ദേഹം. 1999ൽ അദ്ദേഹം ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയർന്നു.

2000 മുതൽ 2005 വരെ ഗോവയുടെ മുഖ്യമന്ത്രി. പിന്നീട് ഒരു തവണ പ്രതിപക്ഷ നേതാവായതിന് ശേഷം 2012ൽ ഗോവൻ മുഖ്യമന്ത്രിയായി പരീക്കറിന് രണ്ടാം ഊഴമെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അപ്രതീക്ഷിതമായാണ് മനോഹർ പരീക്കറെ ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിയത്.

അതിന് കാരണം മറ്റൊന്നുമായിരുന്നില്ല, നരേന്ദ്ര മോദിക്ക് അത്രയേറെ വിശ്വസ്തനായിരുന്നു പരീക്കര്‍. തുടക്കത്തിൽ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും പാർട്ടിയിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്ന് മനോഹർ പരീക്കർ പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുത്തു. തുടർന്ന് 2017 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്നു മനോഹർ പരീക്കർ.

പക്ഷേ, വീണ്ടും ഗോവന്‍ മണ്ണിലേക്ക് തിരികെ എത്താനായിരുന്നു പരീക്കറിന് കാലം കാത്തുവെച്ച നിയോഗം. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും ഒറ്റകക്ഷിയായി മാറിയതോടെ സംസ്ഥാനത്ത് ബിജെപി ഭരണം ഉറപ്പാക്കാന്‍ പരീക്കര്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കുമായിരുന്നില്ല.

രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ ആ രാത്രിക്ക് ശേഷം ഗോവയുടെ മുഖ്യമന്ത്രിയായി മൂന്നാമൂഴം. അവസാന ശ്വാസം വരെ ഗോവയിൽ ബിജെപിയെ മനോഹർ പരീക്കർ അധികാരത്തിലിരുത്തി. 1978ല്‍ ബോംബെ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജിക്കല്‍ എന്‍ജിനിയറിംഗില്‍ നിന്ന് ബിരുദം നേടിയ പരീക്കറിന്‍റെ ഭാര്യ 2001ല്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു.