ഒക്ടോബര്‍ 13-ന് രാത്രി നായകൾക്ക് ഭക്ഷണം നൽകാനെത്തിയപ്പോഴാണ് തൊഴിലാളികളുടെ ഷെഡ്ഡില്‍വെച്ച് ഒരുസംഘം പുരുഷന്മാര്‍ തെരുവുനായയെ ബലാത്സംഗം ചെയ്യുന്നത് താൻ കണ്ടതെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കനായകനഹള്ളിയിൽ തെരുവ് നായയോട് കൊടും ക്രൂരത. ബെംഗളൂരു ചിക്കനായകനഹള്ളിയിലെ തൊഴിലാളികള്‍ കഴിയുന്ന ഷെഡ്ഡിന് സമീപത്ത് നായയെ ഒരു സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെംഗളൂരിലെ മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയലാണ് ക്രൂരത പുറം ലോകം അറിയുന്നത്. ചിക്കനായകനഹള്ളിയിലെ തൊഴിലാളികള്‍ കഴിയുന്ന ഷെഡ്ഡിന് സമീപത്തുവെച്ച് നായയെ കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് സംഭവത്തില്‍ കേസെടുത്തത്. ഒക്ടോബര്‍ 13-നാണ് സംഭവം നടന്നത്. പരാതിക്കാരിയായ യുവതി പ്രദേശത്തെ തെരുവ് നായകൾക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്നയാളാണ്. ഇവ‍ർ പതിവായി ഭക്ഷണം നൽകുന്ന, മിലി എന്ന് വിളിക്കുന്ന നായയ്ക്ക് നേരെയാണ് ക്രൂരത അരങ്ങേറിയത്. ഒക്ടോബര്‍ 13-ന് രാത്രി നായകൾക്ക് ഭക്ഷണം നൽകാനെത്തിയപ്പോഴാണ് തൊഴിലാളികളുടെ ഷെഡ്ഡില്‍വെച്ച് ഒരുസംഘം പുരുഷന്മാര്‍ തെരുവുനായയെ ബലാത്സംഗം ചെയ്യുന്നത് താൻ കണ്ടതെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ആളുകളെ കണ്ടതോടെ സംഘം അവിടെ നിന്നും പോയി. ഇതിന് പിന്നാലെ നായയെ കാണാതായെന്നും പരാതിയിൽ പറയുന്നു.

പിന്നീട് മൂന്നുദിവസത്തിന് ശേഷമാണ് നായയെ കണ്ടെത്തിയത്. ഈ സമയത്ത് നായയുടെ സ്വകാര്യഭാഗത്ത് പരിക്കേറ്റിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ ഒക്ടോബര്‍ 18-ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി കിട്ടിയതോടെ പീഡനം നേരിട്ട തെരുവുനായയെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. 25-ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. തുടര്‍ന്ന് നായയെ കണ്ടെത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും ഫൊറന്‍സിക് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചെന്നും പൊലീസ് പറഞ്ഞു. ഫൊറന്‍സിക് ലാബിലെ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.