ബെംഗളൂരു: സംസ്ഥാനത്തെ കന്നഡിഗർക്ക് സ്വകാര്യമേഖലയിൽ ജോലി സംവരണം വേണമെന്ന ആവശ്യവുമായി ഫെബ്രുവരി 13 ന് ബന്ദ് ആചരിക്കുമെന്ന് കന്നഡ സംഘടനകൾ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്. കന്നഡിഗർക്ക് ജോലി സംവരണം ഏർപ്പെടുത്തണമെന്ന സരോജിനി മഹിഷി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

1986 ലാണ് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഒട്ടേറെ കന്നഡ സംഘടനകളും ട്രേഡ് യൂണിയനുകളും ട്രാൻസ്പോർട്ട് അസോസിയേഷനുകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചതായി കന്നഡ സംഘടനാ നേതാവ് നാഗേഷ് പറഞ്ഞു. ഇതിനുപുറമേ നഗരത്തിലെ ചില ഹോട്ടൽ, ടാക്സി തൊഴിലാളികളും പിന്തുണയറിയിച്ചിട്ടുണ്ടെന്ന് നാഗേഷ് വ്യക്തമാക്കി.

ബന്ദ് ദിവസം ബിഎംടിസിയും കെഎസ്ആർടിസിയും സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കന്നഡ സംഘടനകളുടെ കൂട്ടായ്മയായ 'കന്നഡ സംഘടനേഘല ഒക്കൂട്ട' യാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.