ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം ഊർജിതമാക്കി മുന്നണികൾ. ബിജെപി താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ആണ് മുഖ്യ പ്രചാരകർ. കോൺഗ്രസ്‌ പട്ടികയിൽ ഉള്ളത് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി ഉള്‍പ്പെടെ 40 താരപ്രചാരകരാണ്. അമിത് ഷാ ഇന്ന് മൂന്നു യോഗങ്ങളിൽ പങ്കെടുക്കും.

മടിയാളയിൽ വൈകിട്ട് ആറിനാണ് ആദ്യ യോഗം. ഉത്തംനഗറിൽ അമിത് ഷാ ഏഴ് മണിക്ക് പദയാത്രയിൽ സംബന്ധിക്കും. ആം ആദ്മി പാർട്ടിയും പ്രചരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. കെജ്‌രിവാളിന്റെ റോഡ് ഷോ ഇന്നും ന്യൂ ദില്ലി മണ്ഡലത്തിൽ തുടരും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പടെ ഉള്ളവരും റോഡ് ഷോ തുടരുകയാണ്.

ദില്ലി നിയമസഭയിലെ എഴുപത് സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 36-സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരം പിടിക്കും. നിലവിലെ ഭരണകക്ഷിയായ ആം ആദ്‍മി പാര്‍ട്ടിയും കേന്ദ്ര ഭരിക്കുന്ന ബിജെപിയും തമ്മിലാണ് ഇക്കുറി ദില്ലിയില്‍ പ്രധാന പോരാട്ടം. നഷ്ടപ്രതാപം തിരിച്ചു പിടിക്കാനായി കോണ്‍ഗ്രസും ശക്തിയായി മത്സരരംഗത്തുണ്ടാക്കും.

2015-ല്‍ നടന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി ദില്ലിയിലുടെ അധികാരം പിടിച്ചെടുത്തത്. അതേസമയം 2019-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളും നേടി ബിജെപി ശക്തമായ തിരിച്ചു വരവാണ് ഇവിടെ നടത്തിയത്.