മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്‍വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെയ്ക്ക് മുന്‍ഗണന ഏറുകയായിരുന്നു. 

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെയെ തെരഞ്ഞെടുത്തേക്കും. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായേക്കും. മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്‍വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെയ്ക്കാണ് മുന്‍ഗണന. എംഎല്‍എമാരില്‍ ഒരു വിഭാഗം സിദ്ദുവിനായും മറ്റൊരു വിഭാഗം ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‍ചയില്‍ മുഖ്യമന്ത്രി ആകാനില്ലെന്ന് അംബിക സോണി വ്യക്തമാക്കി. സിഖ് സമുദായത്തില്‍ നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു അംബിക സോണിയുടെ നിലപാട്. 

YouTube video player

അതേസമയം ഇടഞ്ഞുനില്‍ക്കുന്ന അമരീന്ദര്‍ സിംഗ് പാര്‍ട്ടി പിളര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദു എത്തിയത് മുതലാണ് അമരീന്ദർ സിംഗ് പ്രതിസന്ധിയിലാവുന്നത്. എംഎൽഎമാരുടെ പിന്തുണ നേടിയ സിദ്ദു കരുതലോടെ കരുക്കൾ നീക്കി. അൻപതോളം എംഎൽഎമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തുനൽകി. നാല് മന്ത്രിമാരും ക്യാപ്റ്റനിൽ അവിശ്വാസം അറിയിച്ചു. അമരീന്ദർ സിംഗിനെ മാറ്റിയില്ലെങ്കിൽ രാജി വയ്ക്കുമെന്നും ഭീഷണി മുഴക്കി. പഞ്ചാബിൽ അടുത്തിടെ നടന്ന അഭിപ്രായ സർവ്വേകളും ഇതിനിടെ ക്യാപ്റ്റനെതിരായി. ജനരോഷത്തിൽ മുൻപോട്ട് പോയാൽ ഭരണതുടർച്ചയുണ്ടാകില്ലന്നും ആംആദ്മി പാർട്ടിക്ക് സാഹചര്യം അനുകൂലമാകുമെന്നുമുള്ള പാർട്ടിയുടെ കൂടി സർവ്വേ അമരീന്ദർ സിംഗിനെ മാറ്റാൻ കാരണമാവുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona