ഡിഎംകെ സർക്കാറിനെ വിമർശിച്ച് എഐഎഡിഎംകെ നേതാവ്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തമിഴനാണെങ്കിലും, ഗൂഗിൾ പോയത് ആന്ധ്രാപ്രദേശിലേക്കാണെന്ന് അദ്ദേഹം പറഞ്ഞു.

ചെന്നൈ: ഗൂഗിളിന്റെ നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിൽ എഐഎഡിഎംകെ നേതാവും മുൻ മന്ത്രിയുമായ തങ്കമണി നിയമസഭയിൽ ഡിഎംകെ സർക്കാരിനെ വിമർശനവുമായി രം​ഗത്ത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തമിഴനാണെങ്കിലും, ഗൂഗിൾ പോയത് ആന്ധ്രാപ്രദേശിലേക്കാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഫോക്‌സ്‌കോണിന്റെ 15,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കാൻ പോകുന്നുണ്ടെന്നും ഇത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും തമിഴ്‌നാട് മന്ത്രി ടിആർബി രാജ മറുപടി നൽകി. ഫോക്‌സ്‌കോണിന് നിരവധി ശാഖകളും വകുപ്പുകളുമുണ്ട്. അവരിൽ ഒരാൾ തമിഴ്‌നാട്ടിൽ നിക്ഷേപം നടത്തുന്നില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നത് ഫോക്‌സ്‌കോണിന്റെ നിക്ഷേപം തന്നെയില്ലെന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഗൂഗിളിനെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന അവകാശവാദം രാജ നിഷേധിച്ചു. ഇതിൽ നിരവധി വശങ്ങളുണ്ട്, അവ ഇവിടെ ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ സർക്കാരിന്റെ കീഴിൽ 14,000 എഞ്ചിനീയറിംഗ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ ഉപജീവനമാർ​ഗം ഈ ധാരണാപത്രങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും സർക്കാർ ശ്രമങ്ങളെ പരിഹസിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ​

ഗൂ​ഗിൾ നിക്ഷേപം ആന്ധ്രയിലേക്ക് പോയതിൽ കർണാടകയിലും പ്രതിപക്ഷം സർക്കാറിനെതിരെ രം​ഗത്തെത്തി. സംസ്ഥാന സർക്കാർ വികസന മുൻഗണനകളെ അവഗണിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബെംഗളൂരുവിലെ റോഡുകളുടെയും ജലവിതരണത്തിന്റെയും മോശം നിലവാരം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ കാരണം നഗരത്തിൽ നിന്ന് ബിസിനസുകൾ അകന്നുപോകുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ ജെഡിഎസ് സർക്കാരിനെ വിമർശിച്ചു.