ദില്ലി: പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കമാണ് രാജ്യത്തിന്റെ പരമോന്നത കോടതി ഇന്ന് അന്തിമ തീർപ്പാക്കിയത്. പലതലത്തില്‍, പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായമുണ്ട്. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് നിർണായകമായ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി പരിഹാരം കണ്ടെത്തിയത്.

അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീം കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ച് ഏകകണ്‌ഠനെയാണ് വിധി പ്രസ്താവിച്ചത്.

അയോധ്യ വിധി; അറിയേണ്ട പത്ത് കാര്യങ്ങൾ

1. അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി കേസിലെ ഹർജിക്കാരനായ രാംലല്ലയ്ക്ക് കൈമാറി. രാംലല്ലയെ കൂടാതെ നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നിവരാണ് അയോധ്യ തർക്കഭൂമിയുടെ അവകാശത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിനാണ്.

2. തർക്കഭൂമിയിൽ ക്രമസമാധാനം നിലനിർത്താൻ രാംലല്ല വിധേയനാണ്. ക്രമസമാധാനം നിലനിർത്താനുള്ള മതിയായ നടപടികൾ സർക്കാർ സ്വീകരിക്കണം.

3. അയോധ്യയിലെ തര്‍ക്കഭൂമി ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ മൂന്നു മാസത്തിനകം രൂപം  നല്‍കണം. കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയ്ക്ക് ട്രസ്റ്റില്‍ പ്രാതിനിധ്യം നല്‍കണം.

4. പള്ളി നിര്‍മിക്കുന്നതിന് സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തി നല്‍കണം.

5. ഏറ്റവും അനുയോജ്യമായതും സുപ്രധാനവുമായ ഭാഗത്ത് പള്ളി പണിയണം.

6. 1949-ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവെച്ച സംഭവവും 1992-ല്‍ ബാബറി മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമാണ്. ഇത് സുപ്രീം  കോടതി വിധി അട്ടിമറിച്ചുകൊണ്ടായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

7. തർക്കഭൂമി മൂന്ന് കക്ഷികൾക്കും തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധി നിയമപരമായി സുസ്ഥിരമായിരുന്നില്ല. പൊതു സമാധാനം കാത്തുസൂക്ഷിക്കേണ്ട വിഷയമായ കേസിൽ അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം  പ്രായോഗികവുമായിരുന്നില്ല.

8. പള്ളിയുടെ ഉള്ളിലായിരുന്നു മുസ്ലിംകള്‍ നമസ്‌കാരം നടത്തിയിരുന്നത്. രേഖകള്‍ പ്രകാരം 1857ന് മുന്‍പ് പള്ളിക്ക് ഉള്ളില്‍ പ്രാര്‍ഥന നടത്താന്‍  ഹിന്ദുക്കള്‍ക്ക് തടസ്സമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ സുന്നി വഖഫ് ബോര്‍ഡിന് കഴിഞ്ഞില്ല. ഇത് തെളിയിക്കാനുള്ള തെളിവുകൾ  ഹാജരാക്കാനും ബോർഡിന് കഴിഞ്ഞില്ല.

9. പുരാവസ്തു ഗവേഷണത്തിലൂടെയുള്ള കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ല. നേരത്തെ ഉണ്ടായിരുന്ന ഒരു നിര്‍മിതിയുടെ മുകളിലാണ് ബാബറി മസ്ജിദ് പണിതത്. എന്നാല്‍ ഇസ്ലാമികമായ നിര്‍മ്മിതിയുടെ മുകളിലല്ല. അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്ന വാദം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അനുകൂലിക്കുന്നില്ല. ഖനനത്തില്‍ ക്ഷേത്രസ്വഭാവമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് എഎസ്ഐ റിപ്പോര്‍ട്ട്.

10. രാമന്റെ ജന്‍മസ്ഥലമാണ് തർക്കഭമൂമിയെന്ന് ഹിന്ദുസംഘടനകളും മുസ്ലിംകളുടെതാണെണ് മുസ്ലിം സംഘടനകളും അവകാശപ്പെട്ടു.