Asianet News MalayalamAsianet News Malayalam

ജാർഖണ്ഡ് ജഡ്ജിയുടെ ദുരൂഹ മരണം: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

രാജ്യത്ത് ജഡ്ജിമാർക്കെതിരെ പലപ്പോഴും ആക്രമണങ്ങള്‍ നടക്കുന്നുവെന്നും എല്ലാ ആക്രമണങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി.

supreme court file case in jharkhand judge death case
Author
Delhi, First Published Jul 30, 2021, 3:33 PM IST

ദില്ലി: ജാർഖണ്ഡിലെ ജഡ്ജിയുടെ ദുരൂഹ മരണത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. അപകടത്തെ കുറിച്ചുള്ള അന്വേഷണ പുരോഗതിയെ കുറിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് ജഡ്ജിമാർക്കെതിരെ പലപ്പോഴും ആക്രമണങ്ങള്‍ നടക്കുന്നുവെന്നും എല്ലാ ആക്രമണങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി.

ജ‍ഡ്ജി ഉത്തം ആനന്ദിന്‍റെ ദുരൂഹ മരണത്തില്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാൻ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ ഹൈക്കോടതിയുടെ നടപടികളില്‍ ഇടപെടുകയല്ല സുപ്രീംകോടതിയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സംഭവം നടന്ന സാഹചര്യത്തെ കുറിച്ചും ജഡ്ജിമാ‍ർക്കുള്ള സുരക്ഷക്കായി സംസ്ഥാനമെടുത്ത നടപടികളിലും  ആശങ്കയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. 

സമാനമായ പല സംഭവങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്. ആ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം റിപ്പോര്‍ട്ട്  തേടേണ്ടതുണ്ടെന്നും സുപ്രീംകോടതി സൂചിപ്പിക്കുകയുണ്ടായി. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ജാർഖണ്ഡിലെ ജ‍ഡ്ജിയുടേത് കൊലപാതകമാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസുമായുമായി സംസാരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. ഹൈക്കോടതി അന്വേഷത്തില്‍ നിരീക്ഷണം നടത്തുമെന്നും  കാലതാമസമുണ്ടായാല്‍ കേസ് സിബിഐക്ക് കൈമാറുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios