ദില്ലി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 144 ഹര്‍ജികളാണ് സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു കേസിൽ ഇത്രയും അധികം ഹര്‍ജികൾ വരുന്നത്. 

പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്‍റ് പാസാക്കിയതിന് പിന്നാലെ ആദ്യം ഹര്‍ജി നൽകിയത് മുസ്ലിം ലീഗാണ്. കപിൽ സിബലാണ് ലീഗിന് വേണ്ടി കോടതിയിൽ ഹാജരാവുക. നിയമ ഭേദഗതി ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ സ്യൂട്ട് ഹര്‍ജി ഇന്നത്തെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്യൂട്ട് ഹര്‍ജിയായതിനാൽ അത് പ്രത്യേകം പരിഗണിക്കാനാകും സാധ്യത.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്തയും കോടതിയിലെത്തും.