ദില്ലി: അയോധ്യകേസില്‍ ബാബ്റി മസ്ജിദിന് മേലുള്ള മുസ്ലീം സംഘടനകളുടെ അവകാശവാദം കോടതിയില്‍ നിരസിക്കപ്പെടാന്‍ ഇടയായത് 1857-ന് മുന്‍പുള്ള ചരിത്രം പരിശോധിച്ചതോടെയാണ്. 1857-ല്‍ അയോധ്യയില്‍ ഹിന്ദു-മുസ്ലീം കലാപം ഉണ്ടായതിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ തര്‍ക്കഭൂമി വേലി കെട്ടി തിരിച്ചിരുന്നതായും തുടര്‍ന്നങ്ങോട്ട് നീണ്ട കാലം തര്‍ക്കഭൂമിയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും പ്രാര്‍ത്ഥന നടത്തിയിരുന്നതായും സാക്ഷിമൊഴികളുടേയും ചരിത്രരേഖകളുടേയും അടിസ്ഥാനത്തില്‍ കോടതിയില്‍ തെളിഞ്ഞിട്ടുണ്ട്. 

എന്നാല്‍ അതിനും മുന്‍പുള്ള ചരിത്രം കോടതി പരിശോധിച്ചതോടെയാണ് കേസ് വഴി മാറുന്നത്. ഇതില്‍ നിര്‍ണായകമായതാവട്ടെ മലയാളിയായ ചരിത്രകാരന്‍ കെകെ മുഹമ്മദ് കൂടി അംഗമായ ഗവേഷക സംഘം അയോധ്യയില്‍ നടത്തിയ പഠനവും. പ്രശസ്ത ചരിത്രകാരനും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ബി ബി ലാലിന്‍റെ നേതൃത്വത്തിലുള്ള സംഘം 1976-77 കാലഘട്ടത്തില്‍ അയോധ്യയില്‍ ക്യാംപ് ചെയ്ത് പഠനം നടത്തിയിരുന്നു. ബാബ്റി മസ്ജിദ് കേസിന്‍റെ ഭാഗമായി അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ പഠനം. 

ബാബ്റി മസ്ജിദ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് താഴെ മറ്റൊരു നിര്‍മ്മിതിയുണ്ടെന്ന ഈ ഗവേഷക സംഘത്തിന്‍റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്ന സുപ്രീംകോടതി വിധിയുടെ ആണിക്കല്ലായി മാറിയിരിക്കുന്നത്. ഇതോടൊപ്പം സുന്നി വഖഫ് ബോര്‍ഡും രാം ലല്ലയും അലഹബാദ് ഹൈക്കോടതിയില്‍ കൊണ്ടു വന്ന സാക്ഷികളും കാലങ്ങളായി അവിടെ ഹിന്ദുക്കള്‍ പൂജ നടത്തിയിരുന്നു എന്ന വാദത്തെ സാധൂകരിക്കാന്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. 

1930 - 1950 കാലഘട്ടങ്ങളില്‍ ധാരാളം ഹിന്ദു മതവിശ്വാസികള്‍ അയോധ്യയില്‍ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി എത്തിയിരുന്നതായി ഇരുവിഭാഗം സാക്ഷികളും അലഹബാദ് ഹൈക്കോടതിയില്‍ നടന്ന വിസ്താരത്തിനിടെ വെളിപ്പെടുത്തിയിട്ടുണ്ട് . 1996 - 2002 കാലഘട്ടത്തിലായാണ് ഈ സാക്ഷികളെ അലഹബാദ് ഹൈക്കോടതി വിസ്തരിച്ചത്. ഇവരെല്ലാം അയോധ്യയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരായിരുന്നു. തങ്ങളുടെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ഇവര്‍ വിസ്താരത്തിനിടെ കോടതിയെ ബോധിപ്പിച്ചത്. 

തര്‍ക്കഭൂമിയിലെ മതിലിന് പുറത്തായി ഹിന്ദുക്കള്‍ പൂജ ചെയ്തിരുന്നതായി വഖഫ് ബോര്‍ഡ് ഹാജരാക്കിയ സാക്ഷികള്‍ സ്ഥിരീകരിച്ചത് കേസില്‍ നിര്‍ണായകമായി. എന്നാല്‍ വിഗ്രഹം വച്ചുള്ള ആരാധന ഇല്ലായിരുന്നുവെന്നും അവര്‍ കോടതിയില്‍ മൊഴി നല്‍കി. ഹിന്ദു മതവിശ്വാസികളുടെ വിശേഷദിവസങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ അയോധ്യയിലെത്തിയിരുന്നുവെന്ന് ഇരുവിഭാഗം സാക്ഷികളുടേയും മൊഴികളിലുണ്ട്.  

ഈ മൊഴികള്‍ കൂടാതെ പല ചരിത്രരേഖകളും അന്തിമവിധിയിലേക്ക് എത്തുന്നതില്‍ കോടതി പരിശോധിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഔദ്യോഗിക രേഖകളും ഇതില്‍ ഉള്‍പ്പെടും. അയോധ്യയിൽ രാമന്റെ ജന്മസ്ഥലമായി കരുതുന്ന പ്രദേശം ഒരു ആരാധനാ കേന്ദ്രമായിരുന്നു എന്ന കാര്യം സ്ഥാപിക്കാനായി സിഖ് ആത്മീയനേതാവ് ഗുരു നാനാക്കിന്റെ അയോധ്യ സന്ദർശനത്തെപ്പറ്റി കോടതി ഉത്തരവിൽ പരാമര്‍ശിക്കുന്നുണ്ട്. 

സിഖ് മതസ്ഥരുടെ ചരിത്രരേഖയായ ജന്മസാഖികളെ ഇതിനായി കോടതി ഉദ്ധരിക്കുന്നു. എ ഡി 1510-11 വര്‍ഷങ്ങളിലായി ഗുരു നാനാക്ക് അയോധ്യയിലെത്തിയെന്നും ശ്രീരാമന്‍റെ ജന്മദേശമായ അയോധ്യയില്‍ പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചെന്നും ജന്മസാഖിയിലുണ്ട്. (മുഗള്‍ ചക്രവര്‍ത്തിയായ ബാബറും ഗുരുനാനാക്കും ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരാണ്)

അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ പ്രധാന നിഗമനങ്ങള്‍ - 

1. ബാബറി മസ്ജിദിന്‍റെ അടിത്തറ നില്‍ക്കുന്നത് മറ്റൊരു വലിയ നിര്‍മ്മിതിയുടെ മുകളിലാണ്.
2. പള്ളിയുടെ അടിത്തറയ്ക്ക് താഴെയുള്ള ഈ നിര്‍മ്മിതി 10,11,12 നൂറ്റാണ്ടുകളിലായി നിര്‍മ്മിച്ചതാണ് എന്നാണ് കാര്‍ബണ്‍ ടെസ്റ്റില്‍ തെളിഞ്ഞത്. 
3. സമീപ പ്രദേശങ്ങളില്‍ നടത്തിയ ഖനനങ്ങളില്‍ ലഭിച്ച ഹിന്ദു ക്ഷേത്ര ഭാഗങ്ങളുമായി ഈ നിര്‍മിതിക്ക് സാമ്യമുണ്ട്.
4. എന്നാല്‍ 12-ാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ ഈ നിര്‍മ്മിതി പള്ളി ഉണ്ടാക്കാന്‍ വേണ്ടിയാണോ പൊളിച്ചുമാറ്റിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
5. അയോധ്യയിലെ ബാബ്റി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത് 15-ാം നൂറ്റാണ്ടിലാണ്. ആദ്യത്തെ നിര്‍മ്മിതിയും ബാബ്റി മസ്ജിദും തമ്മില്‍ നാന്നൂറിലേറെ വര്‍ഷത്തിന്‍റെ വ്യത്യാസമുണ്ട്. 
6. ഏതെങ്കിലും ക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ ബാബ്റി മസ്ജിദ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചതായി എ.എസ്.ഐ (ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ)യുടെ പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. 
7. തര്‍ക്കഭൂമിയില്‍ ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്നതായുള്ള ചരിത്ര  സഞ്ചാരികളായ ടീഫന്താലര്‍, മൊണ്ട്‌ഗോമറി എന്നിവരുടെ വിവരണങ്ങളും കോടതി പരിശോധിച്ചു. 
8. എ.എസ്.ഐ റിപ്പോര്‍ട്ടും സാക്ഷി മൊഴികളും ചരിത്ര വിവരണങ്ങളും പരിശോധിച്ച കോടതി  കൈവശ അവകാശം നിര്‍ണയിക്കപെടേണ്ടത് നിയമപരമായ തത്വങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കി.

അന്തിമവിധിയില്‍ കോടതിയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ

1. തര്‍ക്ക ഭൂമിയില്‍ അധികാരവും പ്രത്യേക അവകാശവും ഉണ്ടെന്ന് തെളിയിക്കുന്നതില്‍ സുന്നി വഖഫ് ബോര്‍ഡ് പരാജയപ്പെട്ടു.
2. രാമന്റെ ജന്മസ്ഥലത്തിന് പുറത്തുള്ള  ഭാഗത്ത് ബാബ്റി മസ്ജിദ് സ്ഥാപിക്കപ്പെടും മുന്‍പേ ഹിന്ദുക്കള്‍ പൂജയും ആരാധനയും മുടങ്ങാതെ നടത്തുന്നുണ്ട്. ആ സ്ഥലത്ത് ഹിന്ദുക്കള്‍ക്ക് ആരാധന തുടരാന്‍ അവകാശമുണ്ട്.
3. തര്‍ക്കസ്ഥലം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിയോട് യോജിക്കാന്‍ കഴിയില്ല.
4. 1857-ല്‍ തര്‍ക്കഭൂമി ബ്രിട്ടീഷുകാ‌‍ർ വേലി കെട്ടി തിരിക്കുന്നതിന് മുന്‍പ് ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. 
5. 1949-ലും 1992-ലും നിയമപരമല്ലാത്ത വഴികളിലൂടെ അന്യായമായി പള്ളിക്ക് നേരെ കയ്യേറ്റമുണ്ടായി.
6. ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് അവകാശമുണ്ടെന്ന് സ്ഥാപിക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിഞ്ഞു. അവകാശം സ്ഥാപിക്കാന്‍ തക്കതായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സുന്നി വഖഫ് ബോര്‍ഡ് പരാജയപ്പെട്ടു.  
7. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് തര്‍ക്കഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കി പള്ളി പണിയാന്‍ 5 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന് നല്‍കാന്‍ കോടതി ഉത്തരവിട്ടത്.  

ബാബ്റി മസ്ജിദ് പൊളിച്ചത് കടുത്ത അനീതിയും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതിയുടെ വിധിയില്‍ പറയുന്നു. അതിനുള്ള പരിഹാരമെന്ന നിലയിലാണ് നിലവില്‍ പള്ളി സ്ഥിതി ചെയ്യുന്നതിന് ഇരട്ടിസ്ഥലം സുന്നി വഖഫ് ബോര്‍ഡിന് നല്‍കണം എന്ന് കോടതി ഉത്തരവിട്ടത്. സുന്നി വഖഫ് ബോര്‍ഡിന്‍റെ കൂടി താത്പര്യം പരിഗണിച്ച് ഈ ഭൂമി കണ്ടെത്തി ഏറ്റെടുത്ത് നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ നടപ്പാക്കണം. ക്ഷേത്രനിര്‍മ്മാണത്തിനായി ട്രസ്റ്റിന് ഭൂമിയേറ്റെടുത്ത് നല്‍കുന്നതിനൊപ്പം തന്നെ സുന്നി വഖഫ് ബോ‌‍ർഡിനും ഭൂമി നൽകണം. 

അതേസമയം അയോധ്യകേസിലെ സുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ മുന്‍ റീജിയണല്‍ ഡയറക്ടര്‍ കെകെ മുഹമ്മദ് പ്രതികരിച്ചു. അയോധ്യയിലെ പള്ളിക്ക് താഴെയുള്ള നിര്‍മ്മിതികള്‍ പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടവയാണെന്നും. അതൊരു ക്ഷേത്രത്തിന്‍റേതാണ് എന്ന് ഉറപ്പാണെന്നും കെകെ മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ അവിടെയുള്ള പള്ളി പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നും മുഹമ്മദ് വ്യക്തമാക്കി. ഇപ്പോള്‍ വന്നിരിക്കുന്നത് ഏറ്റവും മികച്ച വിധിയാണെന്നും നിലവിലെ അവസ്ഥയില്‍ അയോധ്യ പ്രശ്നം പരിഹരിക്കാന്‍ മറ്റൊരു മാര്‍ഗ്ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. 

രണ്ട് മാസത്തോളം അയോധ്യയില്‍ താമസിച്ചാണ് അന്ന് ഞങ്ങളുടെ സംഘം അയോധ്യയില്‍ ഖനനം നടത്തിയത്. സത്യം മാത്രമാണ് അന്നും ഇന്നും ഞാന്‍ പറഞ്ഞത്. എന്നാല്‍ താന്‍ അയോധ്യയില്‍ പോയിട്ടില്ല എന്നു വരെ വ്യാജപ്രചാരണമുണ്ടായി. ഇപ്പോള്‍ പുറത്തു വന്ന സുപ്രീംകോടതി വിധിയിലൂടെ താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായതായും കെകെ മുഹമ്മദ് പറഞ്ഞു.