എതിരില്ലാതെ തെരഞ്ഞെടുപ്പ് വിജയം നേടുന്ന സന്ദർഭങ്ങളിൽ നോട്ട വോട്ടുകളുടെ നിയമസാധുത സുപ്രീം കോടതി പരിശോധിക്കുന്നു

ദില്ലി: നോട്ട (None of the Above) വോട്ടുകളുടെ നിയമസാധുത പരിശോധിക്കാൻ സുപ്രീം കോടതി ആലോചിക്കുന്നു. എതിരാളികളില്ലാതെ ഒരാൾ മാത്രം പത്രിക നൽകുകയും വിജയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നോട്ട വോട്ടുകൾ പരിഗണിക്കണോയെന്നാണ് ആലോചന.

'വോട്ടർമാർ പ്രത്യക്ഷമായ പ്രകടിപ്പിക്കാത്ത ജനവിധി പാലിക്കപ്പെടണം. ഒരു സ്ഥാനാർത്ഥി മാത്രമേയുള്ളൂവെങ്കിൽ അദ്ദേഹത്തോട് താത്പര്യമില്ലാത്തവർക്ക് വോട്ട് ചെയ്യണമല്ലോ. അതിനാൽ തന്നെ ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് കരുതുന്നു,' - ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ, എൻ കോടീശ്വർ സിങ് എന്നിവരുൾപ്പെട്ട സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

സർക്കാരിതര സംഘടനയായ വിധി സെൻ്റർ ഫോർ ലീഗൽ പോളിസിയുടെയും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിൻ്റെയും ഹർജികൾ പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി ഈ വിലയിരുത്തൽ നടത്തിയത്. എതിരാളികളില്ലാതെ ഏകപക്ഷീയമായി സ്ഥാനാർത്ഥികൾ വിജയിക്കുന്നത് റെപ്രസൻ്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് സെക്ഷൻ 53(2) ൻ്റെ ലംഘനമെന്നാണ് ഇരു സംഘടനകളുടെയും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

ഒരു സ്ഥാനാർത്ഥി മാത്രമുള്ള സന്ദർഭങ്ങളിൽ വോട്ടെടുപ്പിന് നോട്ടയുടെ സാധുത പരിഗണിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. നിലവിൽ എല്ലാ വോട്ടെടുപ്പിലും നോട്ടയുണ്ടെങ്കിലും ഈ വോട്ടുകൾക്ക് സാധുതയില്ല. എന്നാൽ ജയപരാജയങ്ങളെ പരോക്ഷമായി നോട്ട സ്വാധീനിക്കാറുമുണ്ട്. 2013 ൽ നോട്ട അംഗീകരിക്കപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ എതിരില്ലാതെ സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ട സന്ദർഭങ്ങളിൽ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്ത് 1989 ന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ എതിരില്ലാതെ ജയം സ്വന്തമാക്കിയവരുടെ എണ്ണം കുറവാണ്. എന്നാൽ പല നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഈ നിലയിൽ വോട്ടെടുപ്പ് നടക്കാതെ സ്ഥാനാർത്ഥികൾ ജയിച്ച സന്ദർഭങ്ങൾ നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ടായിരുന്നു വ്യാഴാഴ്ച സുപ്രീം കോടതി വാദം കേട്ടത്.

ഒരൊറ്റ സ്ഥാനാർത്ഥി മാത്രമുള്ള സന്ദർഭത്തിൽ ഭൂരിഭാഗം ജനം നോട്ടയ്ക്കാണ് വോട്ട് ചെയ്യുന്നതെങ്കിൽ സ്ഥാനാർത്ഥിക്കെതിരാണ് ജനമെന്ന് അതിൽ നിന്ന് വ്യക്തമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. എന്നാൽ കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഇതിനെ അനുകൂലിക്കുന്നില്ല. ജനങ്ങൾ കടുത്ത അതൃപ്തിയിലാണെങ്കിൽ അവർക്ക് സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്താവുന്നതല്ലേയെന്നായിരുന്നു മറുചോദ്യം.

കേസിൽ അടുത്ത നവംബർ ആറിനാണ് സുപ്രീം കോടതി വാദം കേൾക്കുക. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും വോട്ട് ചെയ്യാനുള്ള അവകാശവും വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് കേന്ദ്രസർക്കാർ വാദിക്കുന്നത്. ആർപി ആക്ടിലെ സെക്ഷൻ 53 റൂൾ 11 ൻ്റെ ലംഘനമാകും ഇതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

YouTube video player