2013 ഇൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ആയിരുന്ന മുസ്ലീം ലീഗ് അംഗം ഹസീന താജുദീനെതിരെ ലൈംഗികചുവയോടെയുള്ള വാർത്ത നൽകിയെന്ന കേസിൽ 2019 ഇൽ ഹോസ്ദുർഗ് കോടതി അരവിന്ദന് തടവും പിഴയും വിധിച്ചിരുന്നു.
ദില്ലി: കാഞ്ഞങ്ങാട് മുൻ മുനിസിപ്പൽ ചെയർപേഴ്സണെതിരെ വ്യാജവാർത്ത നൽകിയ കേസിൽ ലേറ്റസ്റ്റ് സായാഹ്‌ന പത്രത്തിന്റെ മാനേജിങ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന് ഹൈക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. 2013 ഇൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ആയിരുന്ന മുസ്ലീം ലീഗ് അംഗം ഹസീന താജുദീനെതിരെ ലൈംഗികചുവയോടെയുള്ള വാർത്ത നൽകിയെന്ന കേസിൽ 2019 ഇൽ ഹോസ്ദുർഗ് കോടതി അരവിന്ദന് തടവും പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ അരവിന്ദൻ നൽകിയ അപ്പീൽ കാസർഗോഡ് അഡിഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു.
ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അരവിന്ദൻ സമർപ്പിച്ച അപ്പീലിൽ പിഴത്തുക കെട്ടിവെക്കാൻ നൽകിയ നിർദ്ദേശം പാലിക്കാൻ രണ്ടുതവണയിലധികം അരവിന്ദൻ തയ്യാറാകാത്തതിനെ തുടർന്നാണ് ജസ്റ്റിസ് സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് ലേറ്റസ്റ്റ് എഡിറ്ററുടെ ഹർജി തള്ളിയത്. നിലവിലെ ശിക്ഷക്ക് ശേഷവും തനിക്കെതിരെ ലേറ്റസ്റ്റ് പത്രത്തിൽ അശ്ലീലചുവയുള്ള വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് ഹസീനയുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. സമാന സ്വഭാവത്തിലുള്ള 6ലധികം കേസുകൾ അരവിന്ദനതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാറും കോടതിയെ അറിയിച്ചു. പരാതിക്കാരി ഹസീന താജുദീനുവേണ്ടി അഡ്വ. കെ ആർ സുഭാഷ് ചന്ദ്രനും അനിരുദ്ധ് കെ പിയും സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ. ഹർഷദ് വി ഹമീദും ദിലീപ് പൂളക്കോട്ടും ഹർജിക്കാരൻ അരവിന്ദനു വേണ്ടി അഡ്വ. ശ്രീറാം പറക്കാട്ടും സുപ്രീം കോടതി മുമ്പാകെ ഹാജരായി.
