കേസിൽ നാളെ വാദം പൂർത്തിയാക്കുമെന്ന് സുപ്രീംകോടതി

ദില്ലി: രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനത്തെ കുറിച്ച് അറിയില്ലെന്ന് സുപ്രീംകോടതി. ബീഹാറിലെ എസ്ഐആർ നിർത്തിവെയ്ക്കണമെന്ന ഹർജികളിലെ വാദത്തിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ വാർത്തസമ്മേളനം കഴിഞ്ഞതോടെ വെബ്സെറ്റിലുള്ള എസ്ഐആർ കരട് പട്ടികയിലെ സെർച്ച് ഓപ്ഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയെന്ന് ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു.

ഈ സമയത്താണ് അങ്ങനെയൊരു വാർത്ത സമ്മേളനത്തെ കുറിച്ച് അറിയില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചത്. എസ്ഐആറിൽ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരുടെയും പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കണമെന്ന് ഹർജിക്കാർ വാദിച്ചു. ആധാർ തെളിവായി സ്വീകരിക്കാത്തത് ചട്ടലംഘനമാണെന്ന വാദവും ഹർജിക്കാർ ഉന്നയിച്ചു. കേസിൽ നാളെ വാദം പൂർത്തിയാക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.