Asianet News MalayalamAsianet News Malayalam

ഐടി നിയമത്തിലെ റദ്ദാക്കിയ 66എ വകുപ്പ് പ്രകാരം കേസ് എടുക്കുന്നു; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

സാമൂഹ്യ മാധ്യമങ്ങളിൽ മറ്റുള്ളവരെ മോശമാക്കിയുള്ള അഭിപ്രായ പ്രകടനത്തിനെതിരെയുള്ള പരാതികളിൽ കേസെടുക്കാനും വാറണ്ടില്ലാതെ അറസ്റ്റ് നടപടികൾ സ്വീകരിക്കാനും അനുമതി നൽകുന്നതായിരുന്നു ഐ.ടി നിയമത്തിലെ 66എ വകുപ്പ്. ഇത് ഭരണഘടന വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനവുമെന്നായിരുന്നു സുപ്രീംകോടതി വിധി. 

Supreme Court shocked to find that scrapped Section 66A law still used to register FIR
Author
Supreme Court of India, First Published Jul 5, 2021, 1:50 PM IST

റദ്ദാക്കിയിട്ടും ഐ.ടി. നിയമത്തിലെ 66എ വകുപ്പ് പ്രകാരം രാജ്യത്ത് പൊലീസ് കേസുകൾ രജിസ്റ്റര്‍ ചെയ്യുന്നതിൽ ഞെട്ടലും ആശങ്കയും ഉണ്ടെന്ന് സുപ്രീംകോടതി. ഏഴ് വര്‍ഷം മുമ്പ് റദ്ദാക്കിയ നിയമപ്രകാരം കേസെടുക്കുന്നതിൽ കേന്ദ്ര സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. നിയമത്തിലെ വകുപ്പിനൊപ്പം സുപ്രീംകോടതി തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ സുപ്രീം കോടതിയെ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ മറ്റുള്ളവരെ മോശമാക്കിയുള്ള അഭിപ്രായ പ്രകടനത്തിനെതിരെയുള്ള പരാതികളിൽ കേസെടുക്കാനും വാറണ്ടില്ലാതെ അറസ്റ്റ് നടപടികൾ സ്വീകരിക്കാനും അനുമതി നൽകുന്നതായിരുന്നു ഐ.ടി നിയമത്തിലെ 66എ വകുപ്പ്. ഇത് ഭരണഘടന വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനവുമെന്നായിരുന്നു സുപ്രീംകോടതി വിധി.

നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ശ്രേയ സിംഗാളിന്‍റെ ഹര്‍ജിയിലായിരുന്നു ഐ ടി നിയമത്തിലെ വിവാദ 66എ വകുപ്പ് 2015 മാര്‍ച്ച് 14ന് സുപ്രീംകോടതി റദ്ദാക്കിയത്. എന്നാൽ സുപ്രീംകോടതി വിധി പല സംസ്ഥാനങ്ങളും നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിയുസിഎൽ നൽകിയ ഹര്‍ജിയിലാണ് ആശ്ചര്യവും  ഞെട്ടലും ഉണ്ടാക്കുന്നുവെന്ന് സുപ്രീംകോതി പരാമര്‍ശം നടത്തിയത്. 1307 കേസുകളാണ് സുപ്രീംകോടതി വിധി മാനിക്കാതെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറ്റോര്‍ണി ജനറലിനോട് കോടതി ചോദിച്ചു.

സുപ്രീംകോടതി വിധി നിയമത്തിലെ റദ്ദാക്കിയ വകുപ്പിനൊപ്പം ഫുട്നോട്ടായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എ.ജി മറുപടി നൽകി. ആ ഫൂട്നോട്ട് പൊലീസുകാര്‍ വായിക്കുന്നില്ലേ എന്ന് കോടതി തിരിച്ചുചോദിച്ചു. ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം കേന്ദ്രത്തോട് മറുപടി നൽകാൻ ആവശ്യപ്പെട്ട ജസ്റ്റിസ് റോഹിന്ദൻ നരിമാൻ അദ്ധ്യക്ഷനായ കോടതി, എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി തീരുമാനം നടപ്പാക്കാനുള്ള നിര്‍ദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമ പോസ്റ്റുകളുടെ പേരിലും ഐ.ടി ചട്ടങ്ങൾ നടപ്പാക്കുന്നതിനെ ചൊല്ലിയും വലിയ വിവാദങ്ങൾ തുടരുമ്പോഴും 66എ വകുപ്പ് സംബന്ധിച്ച ചര്‍ച്ചകൾ ഇന്നത്തെ സുപ്രീംകോടതി ഇടപെടലോടെ വീണ്ടും ചര്‍ച്ചയാകുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios