Asianet News MalayalamAsianet News Malayalam

സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം ശരിവെച്ച മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

വിദ്യാർത്ഥികളുടെ മതം വ്യക്തമാക്കുന്നുവെന്ന് വിശദമാക്കിയാണ് ഹിജാബ് അടക്കമുള്ളവയ്ക്ക് സ്വകാര്യ കോളേജ് നിരോധനം ഏർപ്പെടുത്തിയത്

supreme court stayed the instruction issued by a private college in Mumbai banning the wearing of hijab, cap or badges by students on campus
Author
First Published Aug 10, 2024, 8:44 AM IST | Last Updated Aug 10, 2024, 8:44 AM IST

ദില്ലി: സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം ശരിവെച്ച മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. എൻജി ആചാര്യ ആന്‍ഡ് ഡി കെ മറാഠാ കോളേജിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ക്യാമ്പസില്‍ ഹിജാബ്, തൊപ്പി, ബാഡ്ജുകള്‍ എന്നിവ ധരിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം. കോളേജിന്റെ നിബന്ധന ആശ്ചര്യമുണ്ടാക്കിയെന്നും കോടതി വിശദമാക്കി. എന്താണിത്, ഇത്തരമൊരു നിബന്ധന എന്തുകൊണ്ടാണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. 

വിദ്യാർത്ഥികളുടെ മതം വ്യക്തമാക്കുന്നുവെന്ന് വിശദമാക്കിയാണ് ഹിജാബ് അടക്കമുള്ളവയ്ക്ക് സ്വകാര്യ കോളേജ് നിരോധനം ഏർപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ പേര് അവരുടെ മതം വ്യക്തമാക്കില്ലേയെന്നും ഇതൊഴിവാക്കാൻ പേരിന് പകരം നമ്പറിട്ട് വിളിക്കുമോയെന്നാണ് ജസ്റ്റിസ് സഞ്ജയ് കുമാർ ചോദിച്ചത്. കോളേജിന് വേണ്ടി മുതിർന്ന അഭിഭാഷകയായ മാധവി ദിവാനാണ് വാദിച്ചത്. 

സ്വാതന്ത്ര്യലബന്ധിക്ക് ഒരു പാട് വർഷങ്ങൾക്ക് ശേഷം ഇത്തരം നിബന്ധകളുമായി സ്ഥാപനങ്ങൾ വരുന്നത് ദൌർഭാഗ്യകരമാണെന്നും മതത്തേക്കുറിച്ച് പെട്ടന്നാണോ അറിവുണ്ടായത് എന്നുമാണ് കോടതി കോളേജിന് വേണ്ടി വാദിക്കാനെത്തിയ അഭിഭാഷകയോട് കോടതി ചോദിച്ചത്.  മുഖം മറയ്ക്കുന്ന തരത്തിലുള്ള മൂടുപടങ്ങൾ അനുവദിക്കാൻ പറ്റില്ലെന്നും കോടതി വിശദമാക്കി.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios